മണിയനെ സമാധി ഇരുത്തിയെന്ന കേസ്: അന്വേഷണം അവസാനിപ്പിക്കുന്നു

Update: 2025-09-13 07:20 GMT

നെയ്യാറ്റിന്‍കര: മണിയന്‍ എന്ന ഗോപന്‍സ്വാമിയെ സമാധി ഇരുത്തിയെന്ന കേസിലെ നടപടികള്‍ പോലിസ് അവസാനിപ്പിക്കുന്നു. കല്ലറയില്‍ കണ്ടെത്തിയ മണിയന്റെ മൃതദേഹവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പോലിസിന്റെ നിലപാട്. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രത്യേകിച്ച് തെളിവുകള്‍ ഒന്നുമില്ലെങ്കില്‍ നടപടികള്‍ അവസാനിപ്പിക്കുന്ന കാര്യം കോടതിയെ അറിയിക്കും. കോടതിയാണ് അന്തിമതീരുമാനം എടുക്കുക. അതേസമയം, മണിയനെ അടക്കിയ സ്ഥലം തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാനാണ് കുടുംബം ശ്രമിക്കുന്നത്. വലിയ അമ്പലം നിര്‍മിച്ച് തീര്‍ത്ഥാടന കേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

അതിയന്നൂര്‍, ആറാലുംമൂട്, കാവുവിളാകം സിദ്ധന്‍ ഭവനില്‍ മണിയനെ (69) കാണാനില്ലെന്ന രണ്ടു നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പോലിസ് കേസെടുത്തിരുന്നത്. ആദ്യകാലത്ത് നെയ്ത്തുതൊഴിലാളിയായിരുന്ന മണിയന്‍ പിന്നീട് ചുമട്ടുതൊഴിലാളിയായി മാറി. സിപിഐയുടെ എഐടിയുസി യൂണിയനില്‍ നിന്ന് മാറി സംഘപരിവാര തൊഴിലാളി സംഘടനയായ ബിഎംഎസിലായിരുന്നു പ്രവര്‍ത്തനം. ഇവിടെ നിന്നു പിന്നീട് ആറാലുംമൂട്ടിലേക്കു കുടുംബത്തോടൊപ്പം താമസംമാറുകയായിരുന്നു.