ഇംഫാല്‍: വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ നാലു ജില്ലകളില്‍ കുക്കി വിഭാഗങ്ങള്‍ നിയമവിരുദ്ധമായി റോഡ് നിര്‍മിച്ചെന്ന് മെയ്‌തെയ് വിഭാഗങ്ങള്‍. ചുരാചന്ദ്പൂര്‍, കാങ്‌പോക്പി, നോനി, ഉക്രുല്‍ ജില്ലകളിലെ കുന്നും മലകളും കാടും താണ്ടുന്ന റിംഗ് റോഡ് നിര്‍മിച്ചെന്നാണ് ആരോപണം. മെയ്‌തെയ് സംഘടനകളുടെ കൂട്ടായ്മയായ കൊക്കോമിയാണ് ദേശീയ ഗ്രീന്‍ ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്. പാരിസ്ഥിതിക അനുമതിയില്ലാതെ ഇത്തരം റോഡ് നിര്‍മിക്കാനാവില്ലെന്നാണ് കൊക്കോമി വാദിച്ചത്. ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം അധികൃതര്‍ റോഡില്‍ പരിശോധന നടത്തി. ജെര്‍മന്‍ റോഡ് എന്ന് വിളിക്കപ്പെടുന്ന ഈ റോഡിന്റെ ചിലഭാഗങ്ങള്‍ ടൈഗര്‍ റോഡെന്നും അറിയപ്പെടുന്നതായി കണ്ടെത്തി. വംശീയ സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ കുക്കി സായുധ പ്രവര്‍ത്തകരെ അനുഭാവികള്‍ ജെര്‍മന്‍ എന്നും ടൈഗര്‍ എന്നുമൊക്കെയാണ് വിളിക്കുക. ഈ റോഡിനെതിരേ ഫുട്ഹില്‍ നാഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയും സര്‍ക്കാരിന് പരാതി നല്‍കി. റോഡിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ റോഡിനോട് ചേര്‍ന്ന് കുക്കി സായുധ സംഘടനകളുടെ ക്യാംപുകളും പ്രവര്‍ത്തിക്കുന്നതായി പറയപ്പെടുന്നു. സിനായ് എന്ന പേരില്‍ യൈന്‍ഗാംഗ്‌പോക്പിയില്‍ ഒരു ക്യാംപ് പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്.