മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളെ കിട്ടിയില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം
ഇംഫാല്‍: വര്‍ഗീയ-വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ ഇനി രാഷ്ട്രപതി ഭരണം. ബിജെപി നേതാവ് ബീരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ബിരേന്‍ സിങ്ങിനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ടായിരുന്നു. മണിപ്പൂരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ലയെ കണ്ട് സാഹചര്യങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയുള്ള വിജ്ഞാപനം ഇറങ്ങിയത്.
പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തില്‍ തോല്‍വി ഒഴിവാക്കാനായിരുന്നു ബീരേന്‍ സിങ് രാജിവച്ചത്. ഞായറാഴ്ച രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ വൈകിട്ട് ബിരേന്‍ സിങ് രാജി പ്രഖ്യാപിക്കുകയായിരുന്നു.