മന്ത്രി ശിവന്‍കുട്ടിയുടെ തലയില്‍ മാങ്ങ വീണു; ചിത്രം പങ്കുവച്ച് മന്ത്രി

Update: 2025-02-11 03:49 GMT

തിരുവനന്തപുരം: വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തലയില്‍ മാങ്ങ വീണു. ഒരാഴ്ച്ച മുമ്പ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കവേയാണ് കണ്ണിമാങ്ങ തലയില്‍ വീണത്. കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജര്‍ണലിസം ഡിപ്ലോമ വിദ്യാര്‍ഥിനി സുപര്‍ണ എസ് അനില്‍ പകര്‍ത്തിയ ചിത്രം മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

'' തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കവേയാണ് ഒരു കണ്ണിമാങ്ങ എന്റെ ദേഹത്ത് വീണത്. എന്തായാലും ആ കണ്ണിമാങ്ങ തൊഴില്‍ വകുപ്പ് സെക്രട്ടറി കെ വാസുകി ഐഎഎസിന് ഞാന്‍ സമ്മാനിച്ചു.

ആ നിമിഷം ഫോട്ടോ ആക്കി മാറ്റിയ കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജര്‍ണലിസം ഡിപ്ലോമ വിദ്യാര്‍ഥിനി സുപര്‍ണ എസ് അനിലിനെ അഭിനന്ദിക്കാനാണ് ഈ ചിത്രം ഇവിടെ പോസ്റ്റ് ചെയ്യുന്നത്. നിശ്ചയിച്ച ഫ്രെയിമുകള്‍ക്കപ്പുറം ആകസ്മികമായി ലഭിക്കുന്ന നിമിഷങ്ങള്‍ ഒപ്പിയെടുക്കുമ്പോഴാണ് ഫോട്ടോകള്‍ കൂടുതല്‍ മികച്ചതാകുക. കേരള കൗമുദിയില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നപ്പോഴാണ് സംഭവം ഫോട്ടോ ആയത് ഞാനറിയുന്നത്.

അഭിനന്ദനങ്ങള്‍ സുപര്‍ണ എസ് അനില്‍, ഭാവിയില്‍ ഇത്തരം നിരവധി ഫോട്ടോകള്‍ എടുക്കാന്‍ അവസരം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.''