മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ ആക്രമണങ്ങള്‍ തടയുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ പരാജയപ്പെട്ടു; മൈനോറിറ്റി യൂണിറ്റ് യോഗത്തില്‍ സംഘര്‍ഷം, കെപിസിസി ജനറല്‍ സെക്രട്ടറിയടക്കം രാജിവച്ചു

Update: 2025-05-29 13:24 GMT

മംഗളൂരു: മുസ്‌ലിംകള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണങ്ങള്‍ തടയുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ന്യൂനപക്ഷ യൂണിറ്റിലെ നിരവധി മുതിര്‍ന്ന നേതാക്കള്‍ രാജിവച്ചു. കെപിസിസി(കര്‍ണാടക) ജനറല്‍ സെക്രട്ടറി എം എസ് മുഹമ്മദ്, ദക്ഷിണകന്നഡ കോണ്‍ഗ്രസ് മൈനോറിറ്റി യൂണിറ്റ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍, മുന്‍ കൗണ്‍സിലര്‍ അബ്ദുല്‍ റൗഫ് തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരുമാണ് രാജിവച്ചത്.

ബണ്ട്വാളില്‍ കഴിഞ്ഞ ദിവസം അബ്ദുല്‍ റഹ്മാന്‍ എന്ന യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ബോലാരിലെ ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍ അടിയന്തര യോഗം വിളിച്ചത്. സംസ്ഥാന-ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബൂത്ത് ലെവല്‍ പ്രവര്‍ത്തകര്‍ വരെ പങ്കെടുത്തു. കോണ്‍ഗ്രസില്‍ നിന്നോ പദവികളില്‍ നിന്നോ രാജിവയ്ക്കരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞെന്നും ഒരാഴ്ച്ചക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഷാഹുല്‍ ഹമീദ് യോഗത്തെ അറിയിച്ചു. എന്നാല്‍ ഇതിനോട് പ്രവര്‍ത്തകര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. നേതാക്കള്‍ സമുദായത്തിന് ഒപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്റ്റേജിലേക്ക് ഇരച്ചുകയറി. എം എസ് മുഹമ്മദും ഷാഹുല്‍ ഹമീദും അബ്ദുല്‍ റൗഫുമൊക്കെ ശ്രമിച്ചിട്ടും പ്രവര്‍ത്തകര്‍ ശാന്തരായില്ല.


ഇതോടെ സുഹൈല്‍ രാജി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഷാഹുല്‍ ഹമീദും എം എസ് മുഹമ്മദും രാജി പ്രഖ്യാപിക്കുകയായിരുന്നു. മുസ്‌ലിംകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ മതിയായ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.