സ്വത്ത് തട്ടിയെടുക്കാന്‍ മാതൃസഹോദരിയെ ചുട്ടുക്കൊന്നയാള്‍ക്ക് ജീവപര്യന്തം തടവ്

Update: 2025-12-19 12:12 GMT

തൊടുപുഴ: സ്വത്ത് തട്ടിയെടുക്കാന്‍ മാതൃസഹോദരിയെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ മധ്യവയസ്‌കന് ജീവപര്യന്തം തടവ് ശിക്ഷ. ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി വരകില്‍ വീട്ടില്‍ സുനില്‍കുമാറിനെയാണ് (56) ജില്ലാ കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം. 2021 മാര്‍ച്ച് 31ന് രാത്രിയാണ് കൊലപാതകം നടന്നത്. മുട്ടം തോട്ടുങ്കര ഭാഗത്ത് ഊളാനിയില്‍ വീട്ടില്‍ സരോജിനിയാണ് (72) കൊല്ലപ്പെട്ടത്. ആറു വര്‍ഷമായി സരോജിനിയുടെ വീട്ടില്‍ സഹായിയായി താമസിച്ചു വരികയായിരുന്നു സുനില്‍ കുമാര്‍. അവിവാഹിതയായ സരോജിനിക്ക് രണ്ട് ഏക്കര്‍ സ്ഥലമടക്കം ഏകദേശം ആറ് കോടിയോളം രൂപയുടെ സ്വത്തുണ്ടായിരുന്നു.

സ്വത്തുക്കള്‍ സുനില്‍കുമാറിന് നല്‍കുമെന്ന് സരോജിനി പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് രണ്ട് സഹോദരിമാരുടെയും ഒന്‍പത് മക്കളുടെയും പേരില്‍ വീതംവെച്ചു നല്‍കാന്‍ തീരുമാനിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായത്. കൊല നടത്തുന്നതിന്റെ ഭാഗമായി റേഷന്‍കടയില്‍ നിന്ന് പലതവണയായി മണ്ണെണ്ണ വാങ്ങി ശേഖരിച്ചു വെച്ചിരുന്നു. സംഭവ ദിവസം രാത്രി ഉറങ്ങിക്കിടന്ന സരോജിനിയുടെ ദേഹത്ത് ഒന്നരയോടെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം അടുക്കളയിലെത്തിച്ച് പാചകവാതകം തുറന്നുവിട്ട് വീണ്ടും തീ കൊളുത്തി തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു.