ഗസയിലെ വംശഹത്യ: ഇസ്രായേലി സൈനികന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ യുഎസ് പൗരന് നാലുവര്‍ഷം തടവ്
ന്യൂയോര്‍ക്ക്: ഗസയിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് ഇസ്രായേലി സൈനികന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ യുഎസ് പൗരനെ നാലുവര്‍ഷം തടവിന് ശിക്ഷിച്ചു. ഡോണോവന്‍ ഹാള്‍ എന്നയാളെയാണ് യുഎസ് ഡിസ്ട്രിക്റ്റ് കോടതി ശിക്ഷിച്ചത്. യുഎസ് പൗരനായ ഒരു ജൂതന്‍ ഇസ്രായേലി സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഗസയില്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിന്റെ മറ്റും ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി പോസ്റ്റ് ചെയ്തു. അതില്‍ പ്രതിഷേധിച്ചാണ് ഡോണോവന്‍ ഹാള്‍ ന്യൂയോര്‍ക്കിലുള്ള അയാളുടെ മാതാപിതാക്കളുടെ അടുത്ത് ചെന്ന് ഭീഷണി മുഴക്കിയത്.
കുട്ടികളെ പീഡിപ്പിക്കുന്ന ഇസ്രായേലി സൈനികരെ ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് തോക്കുകളുടെയും കത്തികളുടെയും ചിത്രങ്ങളും അയച്ചു നല്‍കി. സയണിസ്റ്റ് ഭീരുക്കള്‍ക്കായി താന്‍ ഒരു തോക്ക് കരുതിവച്ചിട്ടുണ്ടെന്നും ഡോണോവന്‍ ഹാള്‍ പറഞ്ഞു. തുടര്‍ന്നാണ് സയണിസ്റ്റ് കുടുംബം പോലിസില്‍ പരാതി നല്‍കിയത്. ഡോണോവന്‍ ഹാളിന്റെ വീട്ടില്‍ പോലിസ് നടത്തിയ പരിശോധനയില്‍ ചിത്രങ്ങളിലുള്ള തോക്കുകളും കത്തികളും കണ്ടെത്തുകയും ചെയ്തു. ആരോപണങ്ങളെല്ലാം ശരിയാണെന്നും കുട്ടികളെ കൊല്ലുന്നവരെ വെറുതെവിടരുതെന്നും ഡോണോവന്‍ ഹാള്‍ പോലിസിനോട് ആവശ്യപ്പെട്ടു. എന്നാല്‍, പോലിസ് ഡോണോവന്‍ ഹാളിനെതിരേ കുറ്റം ചുമത്തി ശിക്ഷിക്കുകയായിരുന്നു.
