ഒരു ലക്ഷം രൂപ ബില്ല് അടപ്പിക്കാന്‍ യുവാവിനെ 'കോമയിലാക്കി' ആശുപത്രി അധികൃതര്‍; ഐസിയുവില്‍ നിന്ന് ഓടിരക്ഷപ്പെട്ട് യുവാവ് (വീഡിയോ)

Update: 2025-03-07 15:46 GMT

ഭോപ്പാല്‍: അടിപിടിക്കേസില്‍ പരിക്കേറ്റ യുവാവ് കോമയിലായെന്ന് പറഞ്ഞ് ബന്ധുക്കളില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ ശ്രമം പൊളിഞ്ഞു. മധ്യപ്രദേശിലെ രത്‌ലം പ്രദേശത്താണ് സംഭവം. അടിപിടിക്കേസില്‍ പരിക്കേറ്റാണ് ദീന്‍ദയാല്‍ നഗര്‍ സ്വദേശിയായ ബണ്ഡി നിനാമ എന്ന യുവാവിനെ രത്‌ലത്തെ ഗീതാ ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബണ്ഡിയുടെ നട്ടെല്ല് പൊട്ടിയിട്ടുണ്ടെന്നും കോമയിലായെന്നുമാണ് ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്. അതിനാല്‍ മികച്ച ചികില്‍സ നല്‍കണമെന്നും ഒരു ലക്ഷം രൂപ അടക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വിഷമിച്ച കുടുംബക്കാര്‍ പലയിടത്തുനിന്നുമായി കടം വാങ്ങി പണം സംഘടിപ്പിച്ചു.

എന്നാല്‍, അബോധാവസ്ഥയില്‍ ആണെന്ന് പറയപ്പെട്ട ബണ്ഡി നിനാമ സ്വമേധയാ ഐസിയുവില്‍ നിന്ന് പുറത്തുവന്നു ബഹളമുണ്ടാക്കി. ആശുപത്രിയിലെ അഞ്ചു ജീവനക്കാര്‍ ചേര്‍ന്ന് തന്നെ കട്ടിലില്‍ കെട്ടിയിട്ടെന്ന് ബണ്ഡി പറഞ്ഞു. ജീവനക്കാരുടെ ശ്രദ്ധതെറ്റിയപ്പോളാണ് ഐസിയുവില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ബണ്ഡി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതി നല്‍കുമെന്ന് ബണ്ഡിയുടെ കുടുംബം അറിയിച്ചു.