പാകിസ്താനിയെന്ന് വിളിച്ച് മര്‍ദ്ദിക്കപ്പെട്ട മുസ്‌ലിം യുവാവ് ആത്മഹത്യ ചെയ്തു; പ്രതിയായ മാധ്യമപ്രവര്‍ത്തകന്‍ ഒളിവില്‍
മുംബൈ: പാകിസ്താനിയെന്നും കശ്മീരിയെന്നും വിളിച്ച് മാധ്യമപ്രവര്‍ത്തകന്‍ ആക്രമിച്ച മുസ്‌ലിം യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ അമീര്‍ ഗഫൂര്‍ പത്താനാ(30)ണ് മേയ് നാലിന് വൈകീട്ട് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. അമീര്‍ പത്താന്റെ ഭാര്യ സമ്‌റിന്‍ നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു.
ധരാശിവില്‍ സ്വകാര്യ ബാങ്കില്‍ മാനേജരായ താന്‍ എല്ലാ ദിവസവും വീടിന് സമീപം ബസില്‍ വന്നിറങ്ങുമ്പോള്‍ ബൈക്കുമായി അമീര്‍ പത്താന്‍ അവിടെ ഉണ്ടാവാറുണ്ടെന്ന് പരാതിയില്‍ സമ്‌റിന്‍ ചൂണ്ടിക്കാട്ടി. മേയ് മൂന്നിന് ഫോണ്‍ ചെയ്തപ്പോള്‍ അപ്പുറത്ത് അമീര്‍ പത്താന്‍ ആരോടോ സംസാരിക്കുന്നത് കേട്ടു.
'' ഫോണ്‍ കോളിനിടയില്‍, മറ്റൊരാള്‍ എന്റെ ഭര്‍ത്താവിനോട് താന്‍ പത്രപ്രവര്‍ത്തകനാണെന്ന് പറയുന്നത് ഞാന്‍ കേട്ടു. എന്റെ ഭര്‍ത്താവ് കശ്മീരില്‍ നിന്നാണോ അതോ പാകിസ്താനില്‍ നിന്നാണോ എന്ന് അയാള്‍ ചോദിച്ചു. തുടര്‍ന്ന് അടിച്ചു. എന്റെ ഭര്‍ത്താവ് വേദന കൊണ്ട് നിലവിളിക്കുന്നത് ഞാന്‍ കേട്ടു.''
സംഭവം അറിഞ്ഞയുടന്‍ സമ്‌റിന്‍ ആക്രമണം നടന്ന സ്ഥലത്തേക്ക് എത്തി. അക്രമിയുടെ കാര്‍ അവിടെയുണ്ടായിരുന്നു. അയാള്‍ ഓടിരക്ഷപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഫോട്ടോകളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയതായ് അമീര്‍ പത്താന്‍ തന്നോട് പറഞ്ഞെന്ന് സമ്‌റിന്റെ മൊഴി പറയുന്നു. ഇന്ത്യക്കാരനാണെന്നു പറഞ്ഞിട്ടും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമീര്‍ പത്താന്‍, സമ്‌റിനോട് പറഞ്ഞു. അമീര്‍ പത്താനെ താന്‍ ആശ്വസിപ്പിച്ചെന്നും പക്ഷേ, അടുത്ത ദിവസം വീഡിയോ പ്രചരിച്ചോ എന്ന് അമീര്‍ പത്താന്‍ ഇന്റര്‍നെറ്റില്‍ പരിശോധന നടത്തുന്നത് കണ്ടുവെന്നും സമ്‌റിന്‍ പറഞ്ഞു.
പിന്നീട് മേയ് നാലിന് ഒരു വിവാഹചടങ്ങിന് പോയി തിരികെ വന്നപ്പോഴാണ് കിടപ്പുമുറിയില്‍ അമീറിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സമ്‌റിന്റെ പരാതിയില്‍ അഞ്ചാം തീയ്യതി പോലിസ് കേസെടുത്തു. ആത്മഹത്യ പ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, മനഃപൂര്‍വ്വം അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതിയായ മാധ്യമപ്രവര്‍ത്തകന്‍ ആക്രമണത്തിന്റെ വീഡിയോയും ചിത്രീകരിച്ചതായി പോലിസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്.
