ബസ്സിന്റെ സീറ്റില്‍ ഭക്ഷണം വീണതിന് യാത്രക്കാരനെ തല്ലിക്കൊന്നു; ഡ്രൈവറും സംഘവും അറസ്റ്റില്‍

Update: 2025-02-10 03:18 GMT

ന്യൂഡല്‍ഹി: ബസ്സിന്റെ സീറ്റില്‍ ഭക്ഷണം വീണതിന് യാത്രക്കാരനെ തല്ലിക്കൊന്ന ഡ്രൈവറും സംഘവും അറസ്റ്റില്‍. വിവാഹചടങ്ങുകളില്‍ ഭക്ഷണം പാചകം ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെട്ട ഗൗതംനഗര്‍ സ്വദേശിയായ മനോജാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ ബസ് ഡ്രൈവറായ സുഷാന്ത് ശര്‍മ അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.

പാചകജോലിക്കാരായ മനോജും സുഹൃത്ത് ദിനേശുമാണ് കഴിഞ്ഞ ദിവസം രാത്രി ബസില്‍ കയറിയതെന്ന് പോലിസ് പറയുന്നു. ഇരുവരുടെയും കൈയ്യില്‍ ഭക്ഷണപ്പൊതികളുണ്ടായിരുന്നു. ബസില്‍ ഡ്രൈവറും രണ്ടു സുഹൃത്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ബസ് ഭവാന ചൗക്കില്‍ എത്തുന്നതിന് മുമ്പ് മനോജിന്റെ കൈയ്യിലെ പൊതി പൊട്ടി ഭക്ഷണം സീറ്റിലായി.

ഇതോടെ ബസ് ഡ്രൈവറും സംഘവും പ്രകോപിതരായി മനോജിനെ പിടിച്ചു വെച്ചു. ദിനേശിനെ ഇറക്കിവിടുകയും ചെയ്തു. ഇതിന് ശേഷം ബസ് മുന്നോട്ടുകൊണ്ടു പോയി ഭവാന ഫ്‌ളൈഓവറിന് സമീപം നിര്‍ത്തി. മനോജ് ഷര്‍ട്ട് ഊരി സീറ്റ് വൃത്തിയാക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുമ്പു ലിവര്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മനോജ് മരിച്ചതോടെ മൃതദേഹം വലിച്ചെറിഞ്ഞ് ബസുമായി സംഘം രക്ഷപ്പെട്ടു.

ഭവാന ഫ്‌ളൈഓവറിന് സമീപം മൃതദേഹം കണ്ടെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് പോലിസ് പ്രദേശത്ത് എത്തിയത്. അതേസമയം തന്നെ മനോജിനെ കാണാനില്ലെന്ന പരാതി കുടുംബം മറ്റൊരു പോലിസ് സ്‌റ്റേഷനില്‍ നല്‍കിയിരുന്നു. അങ്ങനെയാണ് മരിച്ചത് മനോജാണെന്ന് പോലിസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.