രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരന്‍; ശിക്ഷ ഒക്ടോബര്‍ മൂന്നിന്

Update: 2025-09-27 06:45 GMT

തിരുവനന്തപുരം: രണ്ടു വയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആറ്റിങ്ങല്‍ ഇടവ സ്വദേശി ഹസ്സന്‍കുട്ടി(45) എന്ന അബുവാണ് കുറ്റക്കാരന്‍. ഇയാള്‍ക്കുള്ള ശിക്ഷാവിധി ഒക്ടോബര്‍ മൂന്നിന് വിധിക്കുമെന്ന് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (പോക്‌സോ) അറിയിച്ചു.

2024 ഫെബ്രുവരി 19ന് രാത്രിയാണ് നാടോടികളായ ഹൈദരാബാദ് സ്വദേശികളുടെ മകളെ ബ്രഹ്മോസിന്റെ സമീപത്തുള്ള ടെന്റില്‍ നിന്നും കാണാതായത്. ബ്രഹ്മോസ് കേന്ദ്രത്തിനു പുറകിലുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനുശേഷം ഉപേക്ഷിച്ചു കടന്നുകളഞ്ഞു.

കുട്ടിയെ കാണാതായത വിവരം മാതാപിതാക്കള്‍ രാത്രി തന്നെ പോലിസിനെ അറിയിച്ചു. പോലിസ് വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിറ്റേദിവസം വൈകുന്നേരം ബ്രഹ്മോസ് കേന്ദ്രത്തിന്റെ മതിലിനോട് ചേര്‍ന്ന കാടുപിടിച്ച സ്ഥലത്തു നിന്നാണ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ കണ്ടെത്തിയത്. വൈദ്യപരിശോധനാഫലത്തില്‍ പീഡനം സ്ഥിരീകരിച്ചു. സമീപത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഹസ്സന്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മുടി പ്രതിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതിന്റെ ശാസ്ത്രീയ പരിശോധനാ ഫലം കേസില്‍ നിര്‍ണായകമായി.