ചന്ദനക്കടത്ത് കേസിലെ പ്രതി 55 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

Update: 2025-09-21 13:14 GMT

മംഗളൂരു: ചന്ദനക്കടത്ത് കേസില്‍ 55 വര്‍ഷമായി കോടതിയില്‍ ഹാജരാവാതിരുന്ന 78കാരനെ ദക്ഷിണ കന്നഡ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ സി ആര്‍ ചന്ദ്രനെയാണ് മംഗളൂരു പോലിസ് എത്തി അറസ്റ്റ് ചെയ്തത്. ചന്ദനമോഷണവുമായി ബന്ധപ്പെട്ട് 1970ല്‍ പുത്തൂരു റൂറല്‍ പോലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 1969ലെ മൈസൂര്‍ ഫോറസ്റ്റ് ചട്ടങ്ങളിലെ 154, 155(2) വകുപ്പുകളും മൈസൂര്‍ ഫോറസ്റ്റ് നിയമത്തിലെ 86-ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരുന്നത്. 1970 ജൂലൈ 26ന് ഇയാള്‍ അനധികൃതമായി ചന്ദനം കടത്തുകയായിരുന്നു എന്നാണ് കേസ്. ബുലേരികാട്ടെ ചെക്ക് പോസ്റ്റില്‍വെച്ച് പോലിസ് കാര്‍ തടയുകയും കേസെടുക്കുകയുമായിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ചന്ദ്രന്‍ പിന്നീട് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് കോടതി തുടര്‍ച്ചയായി വാറന്‍ഡുകള്‍ ഇറക്കി. അതിന് പിന്നാലെയാണ് പോലിസ് മലപ്പുറം പുളിക്കലില്‍ നിന്നും ചന്ദ്രനെ കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.