വിനോദസഞ്ചാരികള്‍ക്ക് നേരെ ബിയര്‍ കുപ്പി എറിഞ്ഞയാള്‍ പിടിയില്‍

Update: 2025-10-14 16:14 GMT

നെയ്യാറ്റിന്‍കര: പൊഴിയൂരില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ടിനു നേരെ ബിയര്‍ കുപ്പി എറിഞ്ഞ് ആക്രമണം നടത്തിയ ആള്‍ പിടിയില്‍. ആക്രമണത്തില്‍ മൂന്നു വയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റു. പൊഴിയൂരില്‍ വിനോദസഞ്ചാരത്തിന് എത്തിയ ബംഗാള്‍ സ്വദേശി അല്‍ക്കര്‍ദാസിന്റെ മകള്‍ അനുപമദാസ് എന്ന മൂന്നു വയസ്സുകാരിക്ക് ആണ് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പൊഴിയൂര്‍ ആറ്റുപുറം സ്വദേശി സനൂജിനെ (34) നാട്ടുകാരും ബോട്ട് ജീവനക്കാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മദ്യപിച്ച് പുഴയില്‍ കുളിച്ചുകൊണ്ടു നിന്ന സനൂജ് ബോട്ടില്‍ സഞ്ചരിച്ച ഒരാളുടെ കയ്യില്‍ കയറി പിടിക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്തപ്പോഴാണ് കൈയ്യിലിരുന്ന ബിയര്‍ കുപ്പി എറിഞ്ഞത്. തുടര്‍ന്ന് മൂന്നു വയസ്സുകാരിയുടെ തലയില്‍ പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു.