കൊച്ചി: എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലെ ശുചിമുറികളില്‍ നിന്ന് പട്ടാപ്പകല്‍ വാട്ടര്‍ ടാപ്പ് മോഷ്ടിച്ചിരുന്നയാള്‍ അറസ്റ്റില്‍. കൊല്ലം കന്റോണ്‍മെന്റ് സൗത്ത് പുതുവാല്‍ പുത്തന്‍വീട്ടില്‍ ഷാജന്‍ എന്ന ഷാജിയെയാണ് സെന്‍ട്രല്‍ പോലിസ് ഇന്ന് പിടികൂടിയത്. കോടതി സമുച്ചയത്തിന്റെ താഴത്തെ നിലയിലുള്ള ശുചിമുറിയില്‍ കയറി വാട്ടര്‍ ടാപ്പ് അഴിച്ചുകൊണ്ടിരിക്കെയാണ് ഇയാള്‍ പിടിയിലായത്.
ഈ മാസം പകുതിയോടെ കോടതി കെട്ടിടത്തിന്റെ ആറു നിലകളിലെ ശുചിമുറികളിലെ സ്റ്റീല്‍ വാട്ടര്‍ ടാപ്പുകള്‍ മോഷണം പോയിരുന്നു. 10,000 രൂപയോളം വിലമതിക്കുന്നതായിരുന്നു ടാപ്പുകള്‍. കോടതിയുടെ താഴത്തെ നിലയ്ക്കു പുറമേ 1, 4, 5, 6 നിലകളിലെ ശുചിമുറികളിലെ ടാപ്പുകളാണ് മോഷ്ടിച്ചത്. പൈപ്പിന്റെ വാല്‍വ് അടച്ച ശേഷം ഉച്ചയോടെയായിരുന്നു മോഷണം. ശുചിമുറിയില്‍ വെള്ളം ഇല്ലാതെ വന്നതോടെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ടാപ്പ് മോഷണം പോയതറിഞ്ഞത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഉള്‍പ്പെടെയുള്ള ജഡ്ജിമാരുടെ ചേംബര്‍ പ്രവര്‍ത്തിക്കുന്ന നിലയിലെ ശുചിമുറി ഒഴിവാക്കിയായിരുന്നു മോഷണം.
തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ പോലിസില്‍ പരാതിപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷാജിയിലേക്ക് സംശയം എത്തുന്നത്. തുടര്‍ന്ന് ഇയാള്‍ കോടതിയിലെത്തിയാല്‍ നിരീക്ഷിക്കാന്‍ മഫ്തിയില്‍ പോലിസിനെ നിയോഗിച്ചു. സാധാരണ ചൊവ്വാഴ്ച ദിവസങ്ങളിലാണ് ഇയാള്‍ കോടതി കെട്ടിടത്തില്‍ എത്തിയിരുന്നതെന്ന് പോലിസിന് മനസിലായി. എന്നാല്‍ ഇന്നലെ ഇയാള്‍ എത്തിയില്ല. നിരീക്ഷണം തുടരുന്നതിനിടെ ഇന്നു രാവിലെ ഷാജി വീണ്ടും എത്തിയപ്പോഴാണ് അറസ്റ്റ്. വേറെയും കേസുകളില്‍ പ്രതിയായ ഇയാള്‍ ആറു മാസം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്.
