പരപ്പനങ്ങാടി: കല്യാണ ചടങ്ങിനിടെ കുട്ടിയുടെ മാല പൊട്ടിച്ചയാള്‍ അറസ്റ്റില്‍. തിരിച്ചിലങ്ങാടി ചിറമംഗലം സ്വദേശി ടി പി ഫൈസലിനെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടിയിലുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് വികെ പടിയിലുള്ള അന്‍വര്‍ സാദത്ത് എന്നയാളുടെ ഒന്നര വയസ്സുള്ള മകളുടെ കഴുത്തില്‍ കിടന്നിരുന്ന ഒരു പവനോളം വരുന്ന സ്വര്‍ണ്ണമാലയാണ് ഫൈസല്‍ മോഷ്ടിച്ചതെന്ന് പോലിസ് പറഞ്ഞു. പരാതി ലഭിച്ചത് പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഓഡിറ്റോറിയത്തില്‍ വച്ച് ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുട്ടിയെ കൈ കഴുകാന്‍ സഹായിക്കുന്നതിനിടെ പ്രതി മാല പൊട്ടിച്ചു കൊണ്ടുപോവുകയായിരുന്നു. മാല പോലിസ് കണ്ടെടുത്തു.