''പീഡനത്തിന് ശേഷം പെണ്‍കുട്ടി വിവാഹചടങ്ങില്‍ സന്തോഷത്തോടെ പങ്കെടുത്തു'': പ്രതിയെ വെറുതെവിട്ട് കോടതി
ഛണ്ഡീഗഡ്: ലൈംഗിക പീഡനം ആരോപിച്ച കേസില്‍ യുവാവിനെ വെറുതെവിട്ട് ഛണ്ഡീഗഡ് കോടതി. ആരോപിക്കപ്പെടുന്ന പീഡനത്തിന് ശേഷം പെണ്‍കുട്ടി ഒരു വിവാഹചടങ്ങില്‍ സന്തോഷത്തോടെ പങ്കെടുക്കുന്ന ചിത്രമാണ് കേസിലെ നിര്‍ണായക തെളിവായത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന കാര്യം പ്രോസിക്യൂഷന് വ്യക്തമായി തെളിയിക്കാനായില്ലെന്നും പ്രത്യേക പോക്‌സോ കോടതി ജഡ്ജി ഡോ. യാശിക ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ശാസ്ത്രീയ പരിശോധന നടത്തിയപ്പോള്‍ പ്രായം 15-16 ആണെങ്കിലും പ്രായം രണ്ടുവര്‍ഷം അങ്ങോട്ടോ ഇങ്ങോട്ടോ ആവാമെന്ന് കോടതി നിരീക്ഷിച്ചു.
2021 മേയ് പതിനാലിനാണ് കേസിന് ആസ്പദമായ സംഭവമെന്ന് പോലിസ് റിപോര്‍ട്ട് പറയുന്നു. പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ നിന്ന് വിളിച്ച് ഇറക്കി കൊണ്ടുപോയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടി രണ്ടുവര്‍ഷം യുവാവിനൊപ്പം കഴിഞ്ഞെന്നും അക്കാലത്ത് പീഡിപ്പിച്ചെന്നുമായിരുന്നു ആരോപണം. തട്ടിക്കൊണ്ടുപോവല്‍, പീഡനം, പോക്‌സോ നിയമത്തിലെ പീഡനം എന്നിവ പ്രകാരമായിരുന്നു കേസ്. എന്നാല്‍, യുവാവിന്റെ വീട് പെണ്‍കുട്ടിയുടെ വീടിന് ആറ് കിലോമീറ്റര്‍ അടുത്തായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. രക്ഷപ്പെടണമെങ്കില്‍ പെണ്‍കുട്ടിക്ക് രക്ഷപ്പെടാമായിരുന്നു. അതുണ്ടായില്ല. അതിനാല്‍ തന്നെ തട്ടിക്കൊണ്ടുപോയെന്ന് പറയാനാവില്ല. കൂടാതെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസം പെണ്‍കുട്ടി ഒരു കല്യാണത്തില്‍ പങ്കെടുത്തു. 200 പേര്‍ പങ്കെടുത്ത വിവാഹമായിരുന്നു അത്. പെണ്‍കുട്ടി സന്തോഷത്തോടെ നില്‍ക്കുന്നത് കല്യാണത്തിലെ ചിത്രങ്ങളില്‍ കാണാമെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് പ്രതിയായ യുവാവിനെ വെറുതെവിട്ടത്.
