തൃണമൂലിന്റെ പ്രതിഷേധ വേദി നീക്കം ചെയ്ത് സൈന്യം; ബിജെപി സൈന്യത്തെ ദുരുപയോഗം ചെയ്‌തെന്ന് മമത
കൊല്‍ക്കത്ത: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്നവര്‍ നേരിടുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിക്കാനുള്ള വേദി സൈന്യം പൊളിച്ചതില്‍ പ്രതിഷേധവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയിലെ മയോ റോഡിലെ ഗാന്ധി പ്രതിമക്ക് സമീപം നിര്‍മിച്ച വേദിയാണ് സൈന്യം പൊളിച്ചുമാറ്റിയത്. താല്‍ക്കാലികമായി നിര്‍മിച്ച വേദി നീക്കം ചെയ്യണമെന്ന് സംഘാടകര്‍ക്ക് പല തവണ നിര്‍ദേശം നല്‍കിയതാണെന്നും അവര്‍ അത് ചെയ്തില്ലെന്നും പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തില്‍ കൊല്‍ക്കത്ത പോലിസുമായി സംസാരിച്ചെന്നും ശേഷമാണ് സൈന്യം വേദി നീക്കം ചെയ്തതെന്നും പ്രസ്താവന പറയുന്നു. മയോ റോഡ് സൈന്യത്തിന്റെ ഈസ്റ്റേണ്‍ കമാന്‍ഡിന്റെ അധികാരപരിധിയിലാണ് വരുന്നത്.
സൈന്യം വേദി നീക്കം ചെയ്യുന്നുവെന്നറിഞ്ഞ ഉടന്‍ മമതാ ബാനര്‍ജി സ്ഥലത്തെത്തി. 'അവര്‍ (സൈന്യം) കൊല്‍ക്കത്ത പോലിസ് കമ്മീഷണറുമായി കൂടിയാലോചിക്കണമായിരുന്നു, കമ്മീഷണര്‍ ഞങ്ങളോട് പറഞ്ഞാല്‍ ഞങ്ങള്‍ സ്റ്റേജ് നീക്കം ചെയ്യുമായിരുന്നു.''-മമത പറഞ്ഞു. തന്നെ കണ്ടപ്പോള്‍ സൈനികര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെന്നും മമത ആരോപിച്ചു. ''അവര്‍ ഏകദേശം 200 പേര്‍ ഉണ്ടായിരുന്നു. ഞാന്‍ അവരോട് പറഞ്ഞു - നിങ്ങള്‍ എന്റെ സുഹൃത്തുക്കളാണ്, ഞങ്ങള്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു, നിങ്ങള്‍ എന്തിനാണ് ഓടിപ്പോകുന്നത്?''
സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ മമത ആഹ്വാനം ചെയ്തു. പ്രതിഷേധ വേദി മയോ റോഡില്‍ നിന്ന് റാണി റാഷ്‌മോണി റോഡിലേക്ക് മാറ്റുമെന്നും അവിടെ എല്ലാ ദിവസവും പ്രകടനം നടത്തുമെന്നും അവര്‍ പറഞ്ഞു. വേദി പൊളിച്ചതിന് സൈന്യത്തെ കുറ്റപ്പെടുത്തുന്നില്ലെന്നും സൈന്യത്തെ ദുരുപയോഗം ചെയ്തതിന് ബിജെപിയെ കുറ്റപ്പെടുത്തുന്നുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. ''അവര്‍ക്ക് നമ്മുടെ പതാകകള്‍ ബലമായി നീക്കം ചെയ്യാന്‍ കഴിയില്ല. സൈന്യം കുറ്റക്കാരല്ല. അതിനു പിന്നിലെ വൃത്തികെട്ട രാഷ്ട്രീയമാണ് കുറ്റക്കാര്‍'' -മമത പറഞ്ഞു.
