ബംഗാളി 'ബംഗ്ലാദേശി ഭാഷയെന്ന്' ഡല്‍ഹി പോലിസ്; ദേശവിരുദ്ധ നിലപാടെന്ന് മമതാ ബാനര്‍ജി

Update: 2025-08-04 03:22 GMT

കൊല്‍ക്കത്ത: ബംഗ്ലാദേശികളാണെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത എട്ടുപേരുമായി ബന്ധപ്പെട്ട ഡല്‍ഹി പോലിസിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എട്ടു പേരുടെയും രേഖകള്‍ 'ബംഗ്ലാദേശി ഭാഷ'യിലാണെന്നും അവ പരിഭാഷപ്പെടുത്തി തരണമെന്നുമാവശ്യപ്പെട്ട് ഡല്‍ഹിയിലെ ബംഗ്ലാ ഭവനില്‍ ഡല്‍ഹി പോലിസ് നല്‍കിയ അപേക്ഷയാണ് വിവാദമായത്. ബംഗാളികളുടെ ഭാഷയെ ബംഗ്ലാദേശി ഭാഷയെന്ന് വിളിച്ചത് അപമാനകരവും ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപലപിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി എംപി അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രേഖകളില്‍ ബംഗാളിയെ ബംഗ്ലാദേശി ഭാഷയെന്ന് രേഖപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന് തൃണമൂല്‍ എംപി മഹുവാ മൊയ്ത്ര പറഞ്ഞു. ഡല്‍ഹി പോലിസിന് ബംഗാളികള്‍ ബംഗ്ലാദേശികളാണെന്ന് സിപിഎം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.