റെയ്ഡ് തടസപ്പെടുത്തിയെന്ന്; മമതാ ബാനര്‍ജിക്കെതിരേ ഇഡി ഹൈക്കോടതിയില്‍

Update: 2026-01-08 14:05 GMT

കൊല്‍ക്കത്ത: പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പിഎസിയില്‍ നടത്തിയ റെയ്ഡ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു. ഇഡിയുടെ ഹരജി ജസ്റ്റിസ് സുര്‍വ ഘോഷ് ഫയലില്‍ സ്വീകരിച്ചു. റെയ്ഡിനിടെ ഐ-പിഎസി ഉടമ പ്രതീക് ജെയിനിന്റെ വീട്ടിലെത്തിയ മമതാ ബാനര്‍ജി സുപ്രധാന രേഖകള്‍ കടത്തിക്കൊണ്ടുപോയെന്നാണ് ഇഡിയുടെ ആരോപണം. സൗത്ത് കൊല്‍ക്കത്ത ഡിസിപിയും സരണി പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രേഖകള്‍ കടത്തിയതെന്നും ഇഡി ആരോപിക്കുന്നു. തന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഐ-പിഎസിയാണെന്നും ആ വിവരങ്ങള്‍ ചോര്‍ത്താനാണ് ഇഡി റെയ്‌ഡെന്നും മമത ആരോപിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളും പദ്ധതികളും അടങ്ങിയ ഫയലാണ് താന്‍ എടുത്തതെന്നും അത് കേന്ദ്രസര്‍ക്കാരിന് കൈമാറില്ലെന്നും മമത പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് ഇഡിയുടെ വാദം.