ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും: മാള്‍ട്ട

Update: 2025-05-26 03:55 GMT

വലേറ്റ: സ്വതന്ത്ര ഫലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുമെന്ന് യൂറോപ്യന്‍ ദ്വീപ് രാജ്യമായ മാള്‍ട്ട. ഫലസ്തീനില്‍ മാനുഷിക ദുരന്തം നടക്കുകയാണെന്നും കഴിഞ്ഞ 45 വര്‍ഷമായി നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്നും മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേല പറഞ്ഞു. ജൂണ്‍ 20ന് നടക്കുന്ന സമ്മേളനത്തിന് ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക. ''ഓരോ ദിവസവും വഷളായി കൊണ്ടിരിക്കുന്ന ദുരന്തത്തിന് നേരെ കണ്ണടയ്ക്കാന്‍ നമുക്ക് ഇനി കഴിയില്ല. ഞാന്‍ ജോര്‍ദാനിലെ ഫലസ്തീനി അഭയാര്‍ത്ഥി ക്യാംപില്‍ പോയിരുന്നു. അവിടെ കണ്ട കുട്ടികളെ ചികില്‍സക്കായി മാള്‍ട്ടയിലേക്ക് കൊണ്ടുവന്നു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കേണ്ടത് ധാര്‍മിക ഉത്തരവാദിത്തമാണ്.

ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പതുമക്കളും കൊല്ലപ്പെട്ട ഡോ. അലാ അല്‍ നജ്ജാറിന് മാള്‍ട്ടയില്‍ ജീവിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.''-അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ ഉടന്‍ അംഗീകരിക്കുമെന്ന് വിദേശകാര്യമന്ത്രി ഇയാന്‍ ബോര്‍ഗും പറഞ്ഞു. സര്‍ക്കാര്‍ ഇനിയും വൈകരുതെന്ന് മധ്യ-ഇടതുപാര്‍ട്ടിയായ മൊമെന്റത്തിന്റെ ചെയര്‍പേഴ്‌സണായ ആര്‍ണോള്‍ഡ് കസ്സോല പറഞ്ഞു.

ആര്‍ണോള്‍ഡ് കസ്സോല


'' ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അന്താരാഷ്ട്ര നീതിന്യായ കോടതി യുദ്ധക്കുറ്റത്തില്‍ പ്രതിയാക്കിയിരിക്കുകയാണ്. ഗസയില്‍ നിന്നും ഫലസ്തീനികളെ നാലാഴ്ച്ചക്കുള്ളില്‍ ഒഴിപ്പിക്കാനാണ് നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിന് ശേഷം അംഗീകരിച്ചിട്ട് എന്താണ് കാര്യം?''-ആര്‍ണോള്‍ഡ് കസ്സോല ചോദിച്ചു.