സൈന്യത്തിന്റെ പ്രവൃത്തിയില്‍ അഭിമാനം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Update: 2025-05-07 02:59 GMT

ന്യൂഡല്‍ഹി: പാകിസ്താനിലും അവരുടെ നിയന്ത്രണത്തിലുള്ള കശ്മീരിലും സൈന്യം നടത്തിയ ആക്രമണങ്ങളില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സൈന്യത്തിന്റെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുകയാണെന്ന് സാമൂഹിക മാധ്യമമായ എക്‌സില്‍ അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

''പാകിസ്താനില്‍ നിന്നും അവരുടെ നിയന്ത്രണത്തിലുള്ള കശ്മീരില്‍ നിന്നും ഉയര്‍ന്നുവരുന്ന എല്ലാത്തരം ഭീകരതകള്‍ക്കും എതിരെ ഇന്ത്യയ്ക്ക് ഉറച്ച ദേശീയ നയമുണ്ട്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സായുധ സേനയില്‍ ഞങ്ങള്‍ക്ക് വളരെയധികം അഭിമാനമുണ്ട്. അവരുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു.

പഹല്‍ഗാം ഭീകരാക്രമണം നടന്ന ദിവസം മുതല്‍, അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഏത് നിര്‍ണായക നടപടിയും സ്വീകരിക്കുന്നതിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സായുധ സേനയ്ക്കും സര്‍ക്കാരിനുമൊപ്പം ഉറച്ചുനിന്നു.

ദേശീയ ഐക്യവും ഐക്യദാര്‍ഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നമ്മുടെ സായുധ സേനയ്‌ക്കൊപ്പം നില്‍ക്കുന്നു. ദേശീയ താല്‍പ്പര്യമാണ് ഞങ്ങള്‍ക്ക് പരമപ്രധാനമെന്ന് മുന്‍കാലങ്ങളില്‍ നമ്മുടെ നേതാക്കള്‍ കാണിച്ചുതന്നിട്ടുണ്ട്''