ഇറ്റേണിറ്റി സി കപ്പലിലെ മലയാളി ജീവനക്കാരന്‍ അന്‍സാറുല്ലയുടെ കസ്റ്റഡിയില്‍ എന്ന് റിപോര്‍ട്ട്

Update: 2025-07-17 04:26 GMT

കായംകുളം: ഇസ്രായേലിലേക്ക് പോവുകയായിരുന്ന കപ്പലിലുണ്ടായിരുന്ന മലയാളിയെ യെമനിലെ അന്‍സാറുല്ല കസ്റ്റഡിയില്‍ എടുത്തെന്ന് റിപോര്‍ട്ട്. ജൂലൈ ഏഴിന് ചെങ്കടലില്‍ മുക്കിയ കപ്പലിലെ ജീവനക്കാരനായ പത്തിയൂര്‍ ശ്രീജാലയത്തില്‍ അനില്‍കുമാര്‍ അന്‍സാറുല്ലയുടെ കസ്റ്റഡിയില്‍ ആണെന്നാണ് കപ്പല്‍ കമ്പനി കുടുംബത്തെ അറിയിച്ചിരിക്കുന്നത്. പാലക്കാട്ടെ ഏജന്‍സി മുഖേന ഗ്രീക്കിലെ സീ ഗാര്‍ഡന്‍മാരി ടൈം സെക്യൂരിറ്റി കമ്പനിയില്‍ ഫെബ്രുവരി 22നാണ് അനില്‍കുമാര്‍ ജോലിയില്‍ പ്രവേശിച്ചത്.

സോമാലിയയില്‍ നിന്നും ചെങ്കടല്‍ വഴി ഇസ്രായേലിലേക്ക് പോവുന്ന സമയത്താണ് അന്‍സാറുല്ലയുടെ നാവികസേനാ വിഭാഗം കപ്പല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. അത് വകവയ്ക്കാതിരുന്നതാണ് കപ്പല്‍ മുക്കാന്‍ കാരണമായതെന്ന് സംഭവത്തിന്റെ വീഡിയോകള്‍ പറയുന്നു. ലൈബീരിയന്‍ പതാകയുള്ള ഇറ്റേണിറ്റി സി കപ്പലില്‍ 25 ക്രൂവാണുണ്ടായിരുന്നു. കപ്പല്‍ നിര്‍ത്തണം എന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കപ്പലിലെ മൂന്നു ഫിലിപ്പൈന്‍സ് പൗരന്‍മാരും ഒരു റഷ്യന്‍ പൗരനും കൊല്ലപ്പെട്ടു. കപ്പലിലെ ജീവനക്കാര്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കിയായിരുന്നു ആക്രമണം. കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് വൈദ്യസഹായം നല്‍കിയെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും അന്‍സാറുല്ലയുടെ സൈനികവക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരീ നേരത്തെ അറിയിച്ചിരുന്നു. 2023ല്‍ ചെങ്കടലില്‍ നിന്നും പിടിച്ചെടുത്ത ഗ്യാലക്‌സി ലീഡര്‍ കപ്പലിലെ ജീവനക്കാരെ പിന്നീട് അന്‍സാറുല്ല വിട്ടയിച്ചിരുന്നു. ഒമാന്റെ മധ്യസ്ഥതയിലായിരുന്നു മോചനം.