മുസ്‌ലിം ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; സിനിമാ നടന്‍ ജയകൃഷ്ണന്‍ അടക്കം മൂന്നു പേര്‍ക്കെതിരേ കേസ്
മംഗളൂരു: മുസ്‌ലിം ടാക്‌സി ഡ്രൈവര്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ മലയാളം സിനിമാ നടന്‍ ജയകൃഷ്ണന്‍ അടക്കം മൂന്നു പേര്‍ക്കെതിരേ കേസെടുത്തു. മംഗളൂരുവിലെ ഉര്‍വ പോലിസാണ് ജയകൃഷ്ണന്‍, സന്തോഷ് എബ്രഹാം, വിമല്‍ എന്നിവര്‍ക്കെതിരേ കേസെടുത്തത്. ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ഊബര്‍, റാപ്പിഡോ കാപ്റ്റന്‍ ഏപ്പ് വഴി ഒക്ടോബര്‍ ഒമ്പതിന് പ്രതികള്‍ ടാക്‌സി ബുക്ക് ചെയ്തു. മംഗളൂരുവിലെ ബെജായ് ന്യൂ റോഡാണ് പിക്ക് അപ്പ് അഡ്രസായി നല്‍കിയത്. ടാക്‌സി ഡ്രൈവറായ അഹമദ് ഷഫീഖ് ആപ്പിലൂടെ അവരോട് പിക്ക് അപ്പ് ലൊക്കേഷന്‍ സ്ഥിരീകരിച്ചു. ഈ സംഭാഷത്തിനിടയില്‍ പ്രതികള്‍ അഹമദ് ഷഫീഖിനെ മുസ്‌ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിച്ചു.
കൂടാതെ ഹിന്ദിയിലും മുസ്‌ലിം ഭീകരവാദിയെന്ന് വിളിച്ചു. മലയാളത്തില്‍ അഹമ്മദ് ഷഫീഖിന്റെ വീട്ടുകാര്‍ക്കെതിരേയും തെറിവിളിച്ചു. സംഭവത്തില്‍ 103-2025 എന്ന നമ്പറില്‍ കേസെടുത്തതായി ഉര്‍വ പോലിസ് അറിയിച്ചു. ഭാരതീയ ന്യായസംഹിതയിലെ 352, 353(2) വകുപ്പുകള്‍ പ്രകാരമാണ് കേസ്.
