മൂന്നാറില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു; ഒരാള്‍ക്ക് പരിക്ക്
ഇടുക്കി: മൂന്നാറില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൊക്കയില്‍ വീണ് മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവാവ് മരിച്ചു. കക്കിടിപ്പുറം കെവിയുപി സ്‌കൂളിനു സമീപം പാലത്തിങ്കല്‍ അബ്ദുല്‍ ശരീഫ്-റസിയ ദമ്പതികളുടെ മകന്‍ റാഷിദ് (18)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എടപ്പാള്‍ സ്വദേശി സുവിത്തിന് (18) പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 ഓടെയാണ് അപകടം.
മൂന്നാര്‍ ഗ്യാപ്‌റോഡ് ബൈസണ്‍ വാലി റൂട്ടില്‍ വച്ച് നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. റാഷിദ് തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ സുവിത്തിനെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്നു ബൈക്കുകളിലായി ആറു പേരാണ് മൂന്നാറില്‍ വിനോദയാത്രക്ക് പോയത്. ഇവര്‍ മടങ്ങിവരുമ്പോഴാണ് അപകടം സംഭവിച്ചത്.