ലണ്ടന്‍: 2022ല്‍ ബ്രിട്ടനിലെ ലെസ്റ്റയില്‍ ഹിന്ദുത്വര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കലാപത്തില്‍ പ്രതിചേര്‍ത്ത പൗരാവകാശ പ്രവര്‍ത്തകന്‍ മജീദ് ഫ്രീമാനെ കോടതി കുറ്റവിമുക്തനാക്കി. സംഘര്‍ഷ സമയത്ത് പോലിസുകാരനോട് മോശമായി സംസാരിച്ചുവെന്നാരോപിച്ച് മജീദിനെ ജയിലില്‍ അടച്ചിരുന്നു. എന്നാല്‍, ഈ കേസില്‍ മജീദിനെതിരേ തെളിവുകളില്ലെന്ന് ലെസ്റ്റ് ക്രൗണ്‍ കോടതി ജഡ്ജി റോബര്‍ട്ട് ബ്രൗണ്‍ ഉത്തരവിട്ടു. സമുദായത്തിലെ മജീദിന്റെ പ്രവര്‍ത്തനങ്ങളെ കോടതി പ്രകീര്‍ത്തിക്കുകയും ചെയ്തു. '' മിസ്റ്റര്‍ ഫ്രീമാന്‍ കൊണ്ടുവന്ന തെളിവുകള്‍ ഞങ്ങള്‍ വിശദമായി പരിശോധിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ മതിപ്പുളവാക്കുന്നതാണ്. തെളിവ് നല്‍കുമ്പോള്‍ അദ്ദേഹം ക്ഷമാശീലനായും മര്യാദയോടും കാണപ്പെട്ടു. സ്വന്തം സമുദായത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കുന്നയാളാണ് അദ്ദേഹം.''-ജഡ്ജി റോബര്‍ട്ട് ബ്രൗണ്‍ പറഞ്ഞു.
ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മാച്ചിനെ തുടര്‍ന്നാണ് 2022 സെപ്റ്റംബറില്‍ ലെസ്റ്റയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ബിര്‍മിങ് ഹാം അടക്കമുള്ള പ്രദേശങ്ങളിലേക്കും കലാപം പടര്‍ന്നു. ഈ സംഘര്‍ഷം തടയാന്‍ ശ്രമിച്ചവരില്‍ ഒരാളായിരുന്നു മജീദ് ഫ്രീമാന്‍. എന്നാല്‍, പോലിസുകാരോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് അദ്ദേഹത്തെ ജയിലില്‍ അടക്കുകയായിരുന്നു.