ബെര്‍ലിന്‍: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ഒഡീഷയിലെ ബിജെഡി എംപിയായിരുന്ന പിനാക്കി മിശ്രയാണ് വരന്‍. ജര്‍മനിയിലാണ് വിവാഹചടങ്ങ് നടന്നത്. ആഗോള ധനകാര്യസ്ഥാപനമായ ജെപി മോര്‍ഗന്റെ ലണ്ടന്‍, ന്യൂയോര്‍ക്ക് ഓപ്പറേഷന്‍ മേധാവി സ്ഥാനം രാജിവച്ചാണ് മഹുവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പിന്നീട് പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ നിന്നും രണ്ടുതവണ എംപിയായി.
മുതിര്‍ന്ന അഭിഭാഷകനായ പിനാക്കി മിശ്ര 1996ല്‍ പുരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു. പിന്നീട് ബിജു ജനതാദളില്‍ ചേര്‍ന്നു. 2009, 2014 തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച് ജയിച്ചു. പ്രശസ്ത ഗാന്ധിയനും കവിയുമായ ഗോദാബാരിഷ് മിശ്രയുടെ ചെറുമകനാണ്. പിനാക്കിയുടെ പിതാവ് ലോക്‌നാഥ് മിശ്ര രണ്ടു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായിട്ടുണ്ട്. 1991-97 കാലത്ത് അസം ഗവര്‍ണറുമായിരുന്നു. പിനാക്കിയുടെ അമ്മാവന്‍ രംഗനാഥ് മിശ്ര ഇന്ത്യയുടെ 21ാം ചീഫ്ജസ്റ്റിസായിരുന്നു. ബന്ധുവായ ദീപക് മിശ്ര 2017ല്‍ ചീഫ്ജസ്റ്റിസായി.