റാമല്ല: ഗസയിലെ വെടിനിര്‍ത്തലിന്റെ ഭാഗമായി വിട്ടയക്കപ്പെട്ടവരില്‍ നാലു സുപ്രധാന ഫലസ്തീനി നേതാക്കളും. ദീര്‍ഘകാലമായി ജയിലില്‍ കഴിയുന്ന കമാന്‍ഡര്‍ മഹ്മൂദ് ഇസ്സ, നസ്‌റി അസ്സി, അയ്മന്‍ അബ്ദുല്‍ മജീദ് സെദെര്‍, ബാഹെര്‍ മുഹമ്മദ് ബദര്‍ എന്നിവരാണ് അത്.കമാന്‍ഡര്‍ മഹ്മൂദ് ഇസ്സ: 1968ല്‍ അല്‍ ഖുദ്‌സില്‍(ജെറുസലേം) ജനിച്ച മഹ്മൂദ് ഇസ്സ അല്‍ ഖുദ്‌സ് സര്‍വകലാശാലയില്‍ നിന്നും ഇസ്‌ലാമിക നിയമവും ദൈവശാസ്ത്രവും പഠിച്ചു. പിന്നീട് ഹമാസില്‍ ചേര്‍ന്നു. പ്രദേശത്തെ അല്‍ ഖസ്സം ബ്രിഗേഡിന്റെ സ്ഥാപക അംഗവും അല്‍ ഖുദ്‌സ് പ്രദേശത്തെ ആദ്യ ഹമാസ് സെല്ലിന്റെ കമാന്‍ഡറുമാണ്. ഇസ്രായേലി സൈനികരെ തടവുകാരായി പിടിക്കാനുള്ള സ്‌പെഷ്യല്‍ യൂണിറ്റ്-101 ഈ സെല്ലിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചത്.
1992 ഡിസംബര്‍ 13ന് ഇസ്രായേലി സൈനികനായ നിസിം ടോളഡാനോയെ പിടികൂടിയത് ഈ സെല്ലാണ്. ഹമാസ് സ്ഥാപക നേതാവ് ശെയ്ഖ് അഹമദ് യാസീനെ തടവില്‍ നിന്നും വിട്ടയക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു ഓപ്പറേഷന്‍. പക്ഷേ, നിസിം ടോളഡാനോ കൊല്ലപ്പെട്ടു. പിന്നീട് ഇസ്സയെ അറസ്റ്റ് ചെയ്തു. അതിന് ശേഷം നഫ്ഹ ജയിലില്‍ ആയിരുന്നു. ഓസ്‌ലോ കരാര്‍ ഒപ്പിടുന്നതിന് മുമ്പാണ് മഹ്മൂദ് ഇസ്സയെ സയണിസ്റ്റ് ഭരണകൂടം ജയിലില്‍ അടച്ചത്. ഇസ്സയെ മൂന്നു ജീവപര്യന്തവും അധികമായി 46 വര്‍ഷവും പൂട്ടിയിടാനാണ് അധിനിവേശ കോടതി വിധിച്ചത്. അതില്‍ മൊത്തം 13 വര്‍ഷം ഏകാന്ത തടവായിരുന്നു. പതിനൊന്നുവര്‍ഷം തുടര്‍ച്ചയായും ഏകാന്തതടവിലാക്കി. തടവുകാര്‍ക്ക് രാഷ്ട്രീയകാര്യങ്ങളിലും ദൈവശാസ്ത്രത്തിലും ക്ലാസെടുക്കുന്നതിനാല്‍ അദ്ദേഹം ഡീന്‍ എന്നും അറിയപ്പെടുന്നു.
നസ്‌റി അസ്സി: 1977ല്‍ അല്‍ ഖുദ്‌സില്‍ ജനിച്ച അസ്സി റാമല്ലയ്ക്ക് സമീപത്തെ ബെയ്ത്ത് ലിഖിയയിലാണ് വളര്‍ന്നത്. ഹമാസ് നടത്തിയ രക്തസാക്ഷ്യ ഓപ്പറേഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 2005 ജൂലൈ 17ന് അസ്സിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അധിനിവേശ കോടതി 18 ജീവപര്യന്തത്തിനും അധികമായി 70 വര്‍ഷം തടവിനും ശിക്ഷിച്ചു. വിവാഹം കഴിഞ്ഞ് 45 ദിവസം കഴിഞ്ഞപ്പോഴാണ് അസ്സിയെ ജയിലില്‍ അടച്ചത്. ഭാര്യയും മകനും അദ്ദേഹത്തെ കാത്തിരിക്കുകയാണ്.
അയ്മന്‍ അബ്ദുല്‍ മജീദ് സെദെര്‍: അല്‍ ഖുദ്‌സിലെ അബു ദിസ് ഗ്രാമവാസിയാണ് അയ്മന്‍ എന്ന 57കാരന്‍. 1995 മേയ് 13നാണ് അദ്ദേഹത്തെ അധിനിവേശ കോടതി ജീവപര്യന്തം തടവിനും അധികമായി 25 വര്‍ഷം തടവിനും ശിക്ഷിച്ചത്. അല്‍ ഖസ്സം ബ്രിഗേഡിന് വേണ്ടി ഭൂപടങ്ങളും വിവരങ്ങളും ശേഖരിച്ചുവെന്നതായിരുന്നു ആരോപണം. ഗസയില്‍ നിന്നും മടങ്ങുമ്പോള്‍ ബെയ്ത്ത് ഹനൂന്‍ ചെക്ക്‌പോസ്റ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ബാഹെര്‍ മുഹമ്മദ് ബദര്‍ : റാമല്ലയ്ക്ക് സമീപത്തെ ബെയ്ത്ത് ലിഖിയ സ്വദേശിയായ ബദര്‍ 1978ലാണ് ജനിച്ചത്. രണ്ടാം ഇന്‍തിഫാദയില്‍ സജീവമായിരുന്നു. 2004ലാണ് അറസ്റ്റ് ചെയ്തത്. ഫലസ്തീന്റെ വിവിധഭാഗങ്ങളില്‍ ഇസ്രായേലി സൈന്യത്തിനെതിരേ നിരവധി ബോംബാക്രമണങ്ങള്‍ നടത്തി എന്നാണ് ആരോപണം. പതിനൊന്ന് ജീവപര്യന്തങ്ങള്‍ക്കാണ് അധിനിവേശ കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്.
അതേസമയം, 2021ല്‍ ഗില്‍ബു ജയിലില്‍ തുരങ്കമുണ്ടാക്കിയ രക്ഷപ്പെടുകയും പിന്നീട് പിടിക്കപ്പെടുകയും ചെയ്ത നാലു പേരും ഇന്ന് മോചിതരായി. മഹ്മൂദ് അര്‍ദ, അയ്ഹാം കമാഞ്ചി, മുന്ദാല്‍ ഇന്‍ഫിയാത്ത്, സക്കറിയ സുബൈദി, യാഖൂബ് ഖാദ്‌രി, മുഹമ്മദ് അദ്ര എന്നിവരാണ് 2021ല്‍ ജയില്‍ ചാടിയത്. ഇവരെയെല്ലാം ഇസ്രായേലി സൈന്യം പിന്നീട് അറസ്റ്റ് ചെയ്തു. ഇതില്‍ മഹ്മൂദ് അര്‍ദ, സക്കറിയ സുബൈദി എന്നിവരെ 2025 ജനുവരിയിലെ കരാറിന്റെ ഭാഗമായി വിട്ടയച്ചു.

