ലൗഡ് സ്പീക്കര്‍ നിയന്ത്രണം: ബാങ്ക് വിളിക്ക് ആപ്പുമായി മുംബൈയിലെ പള്ളികള്‍

മുംബൈ: പല കാരണങ്ങള്‍ പറഞ്ഞ് ലൗഡ് സ്പീക്കറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാല്‍ ബാങ്ക് വിളിക്ക് പ്രത്യേക മൊബൈല്‍ ആപ്പുമായി മുംബൈയിലെ മുസ്‌ലിം പള്ളികള്‍. തമിഴ്‌നാട്ടിലെ ഒരു കമ്പനി തയ്യാറാക്കിയ ഓണ്‍ലൈന്‍ അസാന്‍ എന്ന ആപ്പാണ് ഇപ്പോള്‍ മുംബൈയിലെ ആറ് പള്ളികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നതെന്ന് മാഹിം ജുമാ മസ്ജിദിലെ മാനേജിങ് ട്രസ്റ്റിയായ ഫഹദ് ഖലീല്‍ പത്താന്‍ പറഞ്ഞു. ഈ ആപ്പിലൂടെ ബാങ്ക് സമയം അറിയാന്‍ കഴിയും.
വിവിധ പള്ളികളില്‍ പോലിസ് എത്തി ലൗഡ് സ്പീക്കറുകള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കിയതിനാലാണ് ആപ്പിലേക്ക് തിരിഞ്ഞത്. ഇപ്പോള്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും ആപ്പ് ലഭ്യമാണ്. ഇതിനെ സ്മാര്‍ട്ട് വാച്ചിലും കണക്ട് ചെയ്യാന്‍ കഴിയും. മാഹിം ജുമാ മസ്ജിദിന് സമീപമുള്ള 500 പേര്‍ ഇപ്പോള്‍ തന്നെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു. പ്രദേശത്തെ ആറ് പള്ളികള്‍ ആപ്പിന്റെ സെര്‍വറില്‍ രജിസ്റ്റര്‍ ചെയ്തു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലൊക്കേഷനും പള്ളിയും തിരഞ്ഞെടുത്താല്‍ പിന്നെ പ്രാര്‍ത്ഥനാ സമയം നോട്ടിഫിക്കേഷനായി വരും.
തമിഴ്‌നാട്ടിലെ 250 പള്ളികള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തതായി ഓണ്‍ലൈന്‍ അസാന്‍ ആപ്പ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ മുഹമ്മദ് അലി പറഞ്ഞു. അപ്ലിക്കേഷന്‍ ഫോമില്‍ പള്ളിയുടെ അഡ്രസ്, ബാങ്ക് വിളിക്കുന്ന ആളുകളുടെ ആധാര്‍ കാര്‍ഡ് എന്നിവ ചേര്‍ക്കണം.
ബിജെപി മുന്‍ എംപി കിരിത് സോമയ്യയാണ് പള്ളികളിലെ ലൗഡ് സ്പീക്കര്‍ ഉപയോഗത്തിനെതിരെ കാംപയിന്‍ നടത്തുന്നത്. തന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം പള്ളികളില്‍ നിന്ന് 1500 ലൗഡ് സ്പീക്കറുകള്‍ പിടിച്ചെടുത്തതായും അയാള്‍ അവകാശപ്പെടുന്നുണ്ട്.