മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ മലേഗാവില്‍ രോഹിങ്ഗ്യന്‍ കുടിയേറ്റക്കാരുണ്ടെന്ന് ബിജെപി നേതാവ്; ദിവസവും 200 ഓളം പേരെ പോലിസ് വിളിച്ചുവരുത്തി രേഖകള്‍ പരിശോധിക്കുന്നതായി റിപോര്‍ട്ട്
ഫോട്ടോ: മലേഗാവിലെ പ്രത്യേക അന്വേഷണ സംഘം ഓഫിസിന് മുന്നില്‍ രേഖകളുമായി എത്തിയ മുസ്‌ലിംകള്‍
നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവില്‍ രോഹിങ്ഗ്യന്‍ മുസ്‌ലിംകള്‍ കുടിയേറിയെന്ന ബിജെപി നേതാവിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രദേശവാസികളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് പ്രത്യേക പോലിസ് സംഘം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ നിന്നുള്ള 200 പേരെയെങ്കിലും ദിവസവും പോലിസ് സംഘം വിളിച്ചു വരുത്തി പരിശോധിക്കുന്നതായി സുപ്രിംകോടതി അഭിഭാഷകനായ ഷാഹിദ് നദീം പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള നാലായിരത്തോളം രോഹിങ്ഗ്യന്‍ മുസ്‌ലിംകള്‍ മലേഗാവില്‍ കുടിയേറിയെന്ന ബിജെപി നേതാവ് കിരിത് സോമയ്യയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ മഹാരാഷ്ട്രസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ സംഘമാണ് പരിശോധനകള്‍ നടത്തുന്നത്. രേഖാപരിശോധനക്കും അന്വേഷണത്തിനായി തന്റെ മാതാപിതാക്കളെയും പോലിസ് വിളിച്ചു കൊണ്ടുപോയതായി ഷാഹിദ് നദീം പറഞ്ഞു.
'' അന്വേഷണത്തിലും രേഖാപരിശോധനയിലും ഒരു രോഹിങ്ഗ്യന്‍ മുസ്‌ലിമിനെയും പോലിസിന് പിടികൂടാന്‍ ആയിട്ടില്ല. പക്ഷെ, വ്യാജരേഖകള്‍ നിര്‍മിച്ചെന്ന് ആരോപിച്ച് ഏതാനും ഇന്ത്യക്കാരെ പിടികൂടി. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി രേഖകള്‍ക്ക് അപേക്ഷിച്ചവരെയെല്ലാം വിളിച്ചു ചോദ്യം ചെയ്യുന്നുണ്ട്. തലമുറകളായി ഈ പ്രദേശത്ത് ജീവിക്കുന്നവരെല്ലാം രേഖകളുമായി പോലിസിനെ സമീപിക്കേണ്ട സ്ഥിതിയാണ്. ഉത്തര്‍പ്രദേശില്‍ അഡ്രസുള്ള ചിലര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുന്നുണ്ട്. അവരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. അവരില്‍ ചിലര്‍ക്ക് ഇവിടെ കുട്ടികളുണ്ടായതിനാല്‍ ജനനസര്‍ട്ടിഫിക്കറ്റ് ഇവിടെ നിന്നാണ് വാങ്ങിയത്. അവരെയെല്ലാം ചോദ്യം ചെയ്യുകയാണ്.''-നദീം പറഞ്ഞു.
ഒരു തിരിച്ചറിയില്‍ രേഖയില്‍ പിതാവിന്റെ പിതാവിന്റെ പേരിന് പകരം പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയ ശരീഫ് എന്ന യുവാവിനെ ദിവസങ്ങളോളമാണ് പോലിസ് സംഘം ചോദ്യം ചെയ്തത്. എങ്ങനെയാണ് ഇന്ത്യയിലേക്ക് കടന്നതെന്നും ആരൊക്കെയാണ് കൂടെ വന്നതെന്നുമാണ് ചോദിച്ചത്.
മലേഗാവ് ഉള്‍പ്പെടുന്ന ധുലെ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശോഭ ബച്ചവ് വിജയിച്ചതാണ് പ്രദേശത്തെ ഭരണകൂടം വേട്ടയാടാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ കരുതുന്നത്. എന്നാല്‍, ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രദേശവാസികള്‍ കോണ്‍ഗ്രസ് എംപിയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിച്ചതായി ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. മലേഗാവിന് പുറമെ മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ ഭീവണ്ടിയിലും രോഹിങ്ഗ്യന്‍ കുടിയേറ്റക്കാരുണ്ടെന്നാണ് ബിജെപി നേതാവ് സോമയ്യ ആരോപിക്കുന്നത്.

