നഗരസഭാ തിരഞ്ഞെടുപ്പില്‍ ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതിക്ക് വിജയം

Update: 2026-01-16 12:22 GMT

മുംബൈ: കര്‍ണാടകയിലെ സാമൂഹിക പ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസിലെ പ്രതി തിരഞ്ഞെടുപ്പില്‍ വിജയിച്ചു. മഹാരാഷ്ട്രയിലെ ജല്‍ന നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ശ്രീകാന്ത് ജെ പംഗാര്‍ക്കര്‍ എന്ന പ്രതി വിജയിച്ചത്. പതിമൂന്നാം വാര്‍ഡില്‍ സ്വതന്ത്രനായാണ് ഇയാള്‍ മല്‍സരിച്ചത്. ബിജെപിയുടെ റാവുസാഹിബ് ധോബ്ലെയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ശ്രീകാന്ത് ജെ പംഗാര്‍ക്കര്‍ക്ക് 2,661 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 2,477 വോട്ടും ലഭിച്ചു.

2001-2006 കാലത്ത് ജല്‍ന മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് ശിവസേന ടിക്കറ്റില്‍ ശ്രീകാന്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011ല്‍ ടിക്കറ്റ് നിഷേധിച്ചതോടെ ഹിന്ദു ജനജാഗൃതി സമിതി എന്ന സംഘടനയില്‍ ചേര്‍ന്നു. 2017 സെപ്റ്റംബര്‍ അഞ്ചിന് ഗൗരി ലങ്കേഷിനെ കൊല്ലപ്പെട്ടു. 2018 ആഗസ്റ്റില്‍ പ്രത്യേക അന്വേഷണ സംഘം ശ്രീകാന്തിനെ അറസ്റ്റ് ചെയ്തു. 2024ല്‍ കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.