ഹാജി മലംഗ് ദര്‍ഗയില്‍ ആരതിപൂജ നടത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി (വീഡിയോ)

Update: 2025-02-15 12:38 GMT

താനെ: മഹാരാഷ്ട്രയിലെ താനെയിലെ ഹാജി മലംഗ് ദര്‍ഗയില്‍ ആരതി പൂജ നടത്തി ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ദര്‍ഗയില്‍ ഉറൂസ് നടക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ മന്ത്രി എത്തിയത്. തുടര്‍ന്ന് ഓം എന്നെഴുതിയ കാവിനിറത്തിലുള്ള ചാദര്‍ പുതപ്പിച്ചു. ഭജനക്കൊപ്പം ആരതി പൂജയും നടത്തി. മന്ത്രിക്കൊപ്പം എത്തിയ സംഘം ജയ്ശ്രീറാം മുദ്രാവാക്യവും വിളിച്ചു.

ഹാജി മലംഗ് ദര്‍ഗ മുമ്പ് ഹിന്ദുക്ഷേത്രമാണെന്നും ''മോചിപ്പിക്കണമെന്നും'' ശിവസേന (ഷിന്‍ഡെ) പക്ഷത്തിന്റെ നേതാവ് കൂടിയായ ഏക്‌നാഥ് ഷിന്‍ഡെ 2024 ജനുവരിയില്‍ പറഞ്ഞിരുന്നു.

പശ്ചിമേഷ്യയില്‍ നിന്ന് ക്രി.ശേ 12ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തിയ സൂഫിവര്യനായ ഹാജി അബ്ദുര്‍ റഹ്മാന്‍ മലംഗിന്റെതാണ് ഈ ദര്‍ഗ.


അബ്ദുര്‍ റഹ്മാന്‍ മലംഗ് എത്തുമ്പോള്‍ നള്‍ രാജ എന്ന രാജാവായിരുന്നു ഭരണാധികാരി. പ്രേതപിശാചുകളുടെ ശല്യത്തില്‍ നിന്നും തങ്ങളെ മോചിപ്പിക്കാന്‍ ദൈവം അയച്ചതാണ് അബ്ദുര്‍ റഹ്മാന്‍ മലംഗിനെ എന്നാണ് പ്രദേശവാസികള്‍ വിശ്വസിച്ചത്. വളരെ ഭയഭക്തി ബഹുമാനത്തോടെയാണ് നാട്ടുകാര്‍ മലംഗിനെ കണ്ടിരുന്നത്. എന്നാല്‍, ഈ ദര്‍ഗ നാഥ്പന്തി വിഭാഗത്തിലെ മച്ചീന്ദ്രനാഥ് എന്ന സന്യാസിയുടെ സമാധിയാണെന്നാണ് ഹിന്ദുത്വര്‍ പറയുന്നത്.

Tags: