മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ ''ഭീകരവിരുദ്ധ നിയമം'' പാസാക്കി

Update: 2025-07-11 05:37 GMT

മുംബൈ: നഗരങ്ങളിലെ മാവോവാദി പ്രസ്ഥാനങ്ങളെ നേരിടാന്‍ പുതിയ നിയമം രൂപീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഗ്രാമീണമേഖലയിലെ മാവോവാദി പ്രസ്ഥാനത്തെ പരാജയപ്പെടുത്തിയെന്നും നഗരങ്ങളിലുള്ളവരെ നേരിടണമെന്നും മഹാരാഷ്ട്ര സ്‌പെഷ്യല്‍ പബ്ലിക്ക് സെക്യൂരിറ്റി ബില്ല് അവതരിപ്പിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. യുഎപിഎ നിയമത്തേക്കാള്‍ അവ്യക്തമായ നിയമമാണ് പാസാക്കിയതെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഏതുതരം പ്രവൃത്തികളെയും തീവ്രവാദ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കാന്‍ നിയമം സര്‍ക്കാരിന് അധികാരം നല്‍കുന്നു. സര്‍ക്കാരിനെതിരേ സമരം ചെയ്യുന്നവര്‍ക്കും പ്രതിപക്ഷ കക്ഷികള്‍ക്കുമെതിരെ നിയമം ഉപയോഗിക്കില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭയിലെ ഏക സിപിഎം എംഎല്‍എ നിയമത്തെ എതിര്‍ത്തു. യുഎപിഎയും മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമവും ഉള്ളപ്പോള്‍ പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്ന് സിപിഎം എംഎല്‍എ വിനോദ് നിക്കോളെ പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ നേരിടാനല്ല നിയമമെന്ന് ഫഡ്‌നാവിസ് അതിന് മറുപടി നല്‍കി. വ്യത്യസ്ഥ പ്രത്യയശാസ്ത്രമാണെങ്കിലും സിപിഐ, സിപിഎം പാര്‍ട്ടികളോട് ബഹുമാനമുണ്ട്. ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് നിയമമെന്നും ഫഡ്‌നാവിസ് വിശദീകരിച്ചു. 2009ല്‍, യുപിഎ ഭരണകാലത്ത് സിപിഐ മാവോയിസ്റ്റിനെ നിയമിച്ചപ്പോള്‍ ഇടതുസര്‍ക്കാരുകള്‍ എതിര്‍പ്പ് അറിയിച്ചില്ലെന്നും ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി.