മഹാരാഷ്ട്രയിലെ മുടികൊഴിച്ചിലിന് കാരണം റേഷന്‍ ഗോതമ്പിലെ സെലിനിയമെന്ന് വിദഗ്ദ സമിതി

Update: 2025-02-25 05:16 GMT

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഗ്രാമങ്ങളിലെ മുടി കൊഴിച്ചിലിന് കാരണം റേഷന്‍കടകള്‍ വഴി വിതരണം ചെയ്ത ഗോതമ്പില്‍ അടങ്ങിയ സെലിനിയമാണെന്ന് വിദഗ്ദ സമിതി റിപോര്‍ട്ട്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച് വിതരണം ചെയ്ത ഗോതമ്പില്‍ സെലിനിയം അളവ് കൂടുതലാണെന്ന് വിദഗ്ദ സമിതി കണ്ടെത്തി. മനുഷ്യര്‍ക്ക് മെറ്റബോളിസത്തിന് ആവശ്യമുള്ള സെലിനിയം പ്രകൃതിയില്‍ വെള്ളത്തിലും ചില ഭക്ഷ്യവസ്തുക്കളില്‍ കാണപ്പെടും.

ബുല്‍ധാനയിലെ 18 ഗ്രാമങ്ങളിലെ 279 പേരുടെ തലയിലെ മുടിയാണ് ഡിസംബര്‍-ജനുവരി മാസങ്ങളിലായി കൊഴിഞ്ഞത്. കോളജ് വിദ്യാര്‍ഥികളുടെയും യുവതികളുടെയും മുടിയാണ് കൂടുതലായും കൊഴിഞ്ഞത്. ഇതോടെ നാട്ടില്‍ പല വിവാഹങ്ങളും മുടങ്ങുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പ്രശ്‌നത്തിന്റെ കാരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സമിതി രൂപീകരിച്ചത്.

മുടി കൊഴിഞ്ഞവരുടെ രക്തവും മൂത്രവും മുടിയും വിദഗ്ദസമിതി ലാബില്‍ പരിശോധിച്ചു. രക്തത്തില്‍ സെലിനിയത്തിന്റെ അളവ് 35 മടങ്ങും മൂത്രത്തില്‍ 60 മടങ്ങും മുടിയില്‍ 150 മടങ്ങും കൂടുതലായിരുന്നു. തുടര്‍ന്ന് സെലിനിയത്തിന്റെ സ്രോതസ് കണ്ടെത്താന്‍ അന്വേഷണം നടത്തി. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും കൊണ്ടുവന്ന് റേഷന്‍കടകള്‍ വഴി വിതരണം ചെയ്ത ഗോതമ്പാണ് കാരണമെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. ഇതോടെ റേഷന്‍ ഗോതമ്പ് ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഗ്രാമീണര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. മറ്റു പോഷകാഹാരങ്ങള്‍ കൂടി ഉപയോഗിച്ചതോടെ ഒന്നരമാസത്തിനുള്ളില്‍ മുടി വളര്‍ച്ച പുനരാംരഭിച്ചെന്നും റിപോര്‍ട്ട് പറയുന്നു.