''മാജിക് മഷ്‌റൂം വെറും കൂണ്‍''; നിരോധിത ലഹരിവസ്തുവല്ലെന്ന് ഹൈക്കോടതി

Update: 2025-01-17 15:25 GMT

കൊച്ചി: ലഹരിവസ്തുവായ മാജിക് മഷ്‌റൂമിനെ എന്‍ഡിഎപിഎസ് നിയമപ്രകാരമുള്ള നിരോധിത ലഹരി വസ്തുവായി കാണാനാവില്ലെന്ന് ഹൈക്കോടതി. മാജിക് മഷ്‌റൂമിന് ലഹരി നല്‍കുന്ന സിലോസൈബിന്‍ എന്ന രാസവസ്തുവിന്റെ അളവ് എത്രയെന്നു ശാസ്ത്രീയമായി കണക്കാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം. സിലോസൈബിന്റെ അളവ് കണക്കാക്കാന്‍ കഴിയാത്തിടത്തോളം അത് വെറുമൊരു കൂണ്‍ മാത്രമാണെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറില്‍ 276 ഗ്രാം മാജിക് മഷ്‌റൂം, 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സൂളുകള്‍, 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ്സ് എന്നിവയായി കര്‍ണാടക സ്വദേശിയായ രാഹുല്‍ റായിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം തേടി രാഹുല്‍ റായി നല്‍കിയ ഹരജിയിലാണ് നിര്‍ണായകമായ ഉത്തരവ്. താന്‍ അറസ്റ്റിലായിട്ട് 90 ദിവസം കഴിഞ്ഞെന്നും വാണിജ്യ അളവിലുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്നും രാഹുല്‍ റായി വാദിച്ചു. ജാമ്യം കിട്ടാവുന്ന അളവിലുള്ള കഞ്ചാവും ചരസും മാത്രമാണ് പിടിച്ചതെന്നാണ് പോലിസിന്റെ കണക്കുകള്‍ തന്നെ പറയുന്നത്. മാജിക് മഷ്‌റൂമിലെ സിലോസൈബിന്റെ അളവ് എത്രയാണെന്ന് ഇതുവരെ ആരും തിട്ടപ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ റായ് ചൂണ്ടിക്കാട്ടി. ഈ വാദം പരിഗണിച്ച് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.