വെനുസ്വേലക്ക് സമീപം യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് യുഎസ്; ജനങ്ങള്‍ സായുധരാവണമെന്ന് മധുറോ (VIDEO)

Update: 2025-08-25 08:09 GMT

കരക്കാസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനുസ്വേലക്ക് സമീപം യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് യുഎസ് ഭരണകൂടം. മൂന്നു യുദ്ധക്കപ്പലുകളാണ് യുഎസ് വെനുസ്വേലക്ക് സമീപം വിന്യസിച്ചത്. ഇതിനെതിരെ വെനുസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുറോ രംഗത്തെത്തി. രാജ്യത്ത് ഭരണമാറ്റമുണ്ടാക്കാന്‍ യുഎസ് ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് ജനങ്ങളോട് സായുധരാവാനും നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് ആയിരക്കണക്കിന് വെനുസ്വേലക്കാര്‍ സൈന്യത്തിന് കീഴില്‍ പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തു.


യുഎസ് ആക്രമണമുണ്ടായാല്‍ സൈന്യത്തിനൊപ്പം സായുധ മിലിഷ്യകളും അനിവാര്യമാണെന്ന് മധുറോ പറഞ്ഞു. വെനുസ്വേലന്‍ ഭരണകൂടത്തിന് മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്ന വ്യാജ പ്രചാരണം മനശാസ്ത്ര യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.