കേന്ദ്ര സര്‍ക്കാരിന്റെ ഫോണ്‍ ചോര്‍ത്തല്‍ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി; രഹസ്യ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഫോണ്‍ ചോര്‍ത്താന്‍ നിയമമില്ലെന്ന്

Update: 2025-07-02 15:13 GMT

ചെന്നൈ: ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് 2011ല്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. പൗരന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നത് സ്വകാര്യതക്കുള്ള ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേശിന്റെ ഉത്തരവ്. ''രഹസ്യ പ്രവര്‍ത്തനങ്ങളോ സാഹചര്യങ്ങളോ കുറ്റകൃത്യങ്ങളോ അന്വേഷിക്കാന്‍ ടെലിഫോണ്‍ സംഭാഷണങ്ങളോ സന്ദേശങ്ങളോ ചോര്‍ത്താന്‍ നിയമം അനുവദിക്കുന്നില്ല.''-കോടതി വ്യക്തമാക്കി.

ആദായനികുതി ഉദ്യോഗസ്ഥന് 50 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി ആരോപിക്കപ്പെടുന്ന എവറോണ്‍ എഡ്യൂക്കേഷന്‍ ലിമിറ്റഡിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ പി കിഷോര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. കിഷോറിന്റെ ഫോണ്‍ സിബിഐ ചോര്‍ത്തിയിരുന്നു. 2011ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഫോണ്‍ ചോര്‍ത്തല്‍. അതുകൊണ്ടാണ് കിഷോര്‍ 2011ലെ ഉത്തരവിനെ ചോദ്യം ചെയ്തത്.

കേസിലെ രണ്ടാം പ്രതിയായിരുന്ന കിഷോര്‍ ഒന്നാം പ്രതിയായ ആദായനികുതി ഉദ്യോഗസ്ഥന് ഇടനിലക്കാരന്‍ വഴി 50 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി ആരോപിക്കപ്പെടുന്നതായി സിബിഐ വാദിച്ചു. അതിനാല്‍ പൊതുതാല്‍പര്യം സംരക്ഷിക്കാനും കുറ്റകൃത്യം തടയാനും ഫോണ്‍ ചോര്‍ത്തുന്നതില്‍ തെറ്റില്ലെന്നാണ് സിബിഐ വാദിച്ചത്. എന്നാല്‍, ഒരുകാലത്ത് അവ്യക്തവും രണ്ടാം തരവുമായി കാണപ്പെട്ടിരുന്ന സ്വകാര്യതയ്ക്കുള്ള അവകാശം 2017ലെ കെ എസ് പുട്ടസ്വാമി കേസിലെ വിധിക്ക് ശേഷം മൗലികവകാശമായി മാറിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എത്ര ഗുരുതരമായ കുറ്റകൃത്യമാണെങ്കിലും, രഹസ്യ അന്വേഷണങ്ങള്‍ക്കായി ഫോണ്‍ ചോര്‍ത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.