ചെന്നൈ: നീറ്റ്-യുജി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. പരീക്ഷാ ഹാളില്‍ വൈദ്യുതി ബന്ധം പോയെന്നും ശരിയായ രീതിയില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി 13 വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. കേസ് ഇനി ജൂണ്‍ രണ്ടിനാണ് പരിഗണിക്കുക. മേയ് നാലിന് ചെന്നൈ ആവഡിയിലെ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ പരീക്ഷ നടക്കുന്ന സമയത്ത് കനത്ത മഴ മൂലം വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടെന്നാണ് ഹരജിക്കാര്‍ വാദിച്ചത്. മൂന്നു മണി മുതല്‍ 4.15 വരെ വൈദ്യുതിയുണ്ടായിരുന്നില്ല. സ്‌കൂളില്‍ ജനറേറ്ററുകളോ ഇന്‍വെര്‍ട്ടറുകളോ ഉണ്ടായിരുന്നില്ല. അതിനാല്‍ വെളിച്ചം കുറവായിരുന്നു. എക്‌സാം ഹാളില്‍ വെള്ളം കയറിയതിനാല്‍ സ്ഥലം മാറി ഇരിക്കേണ്ടി വന്നുവെന്നും ഹരജി പറയുന്നു. എന്നിട്ടും പരീക്ഷ എഴുതാന്‍ അധിക സമയം നല്‍കിയില്ല. ഇത് ഭരണഘടന നിര്‍ദേശിക്കുന്ന തുല്യതക്കും ജീവിക്കാനുമുള്ള അവകാശത്തിന്റെയും ലംഘനമാണെന്നും ഹരജിക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്.