''രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ സര്‍ക്കാര്‍ ജോലി പോവും''; നവജാത ശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

Update: 2025-10-02 12:00 GMT

ഭോപ്പാല്‍: രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ സര്‍ക്കാര്‍ ജോലി പോവുമെന്നതിനാല്‍ നവജാത ശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച അധ്യാപകരായ ദമ്പതിമാര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ചിന്ത്‌വാരയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരായ ബബ്ലുവും രാജ്കുമാരി ദന്തോലിയയുമാണ് അറസ്റ്റിലായത്. മൂന്നുവയസുള്ള ആണ്‍കുട്ടിയെ സെപ്റ്റംബര്‍ 23നാണ് ദമ്പതിമാര്‍ കാട്ടില്‍ ഉപേക്ഷിച്ചത്. കുട്ടിയുടെ മുകളില്‍ വലിയ കല്ലുകയറ്റി വച്ചാണ് ദമ്പതിമാര്‍ സ്ഥലം വിട്ടത്. എന്നാല്‍, അടുത്തദിവസം രാവിലെ കുട്ടിയുടെ കരച്ചില്‍ കേട്ടവരാണ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് നിയമം പറയുന്നതെന്നും സര്‍വീസില്‍ കയറിയ ശേഷം കൂടുതല്‍ കുട്ടികളുണ്ടാവുന്നത് ജോലി പോവാന്‍ കാരണമാവുമെന്ന് വ്യക്തമായി പറയുന്നില്ലെന്നും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയാല്‍ എന്തു ചെയ്യുമെന്ന് വ്യക്തമല്ല.