മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ച് കയറി ബിജെപി സംഘം; കാഴ്ചാ പരിമിതിയുള്ളവരെ ആക്രമിക്കാന്‍ ശ്രമം

Update: 2025-12-23 03:44 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ഹിന്ദുത്വര്‍ അതിക്രമിച്ചു കയറി. കാഴ്ചാ പരിമിതിയുള്ളവരെ മതം മാറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ബിജെപി നേതാവിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സംഘം പള്ളിയില്‍ അതിക്രമിച്ചു കയറിയത്. തുടര്‍ന്ന് സ്ത്രീകള്‍ അടക്കമുള്ള ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരേ അതിക്രമവും നടത്തി. ഹവാബാഗ് വനിതാ കോളജിന് സമീപത്തുള്ള പള്ളിയിലാണ് സംഭവം. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഞ്ചു ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം നടത്തിയത്. തുടര്‍ന്ന് ക്രിസ്ത്യന്‍ പള്ളി ഭാരവാഹികള്‍ക്കെതിരേ പോലിസില്‍ പരാതിയും നല്‍കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോസ്റ്റലില്‍ നിന്നുള്ള അന്തേവാസികളെ ക്രിസ്ത്യന്‍ പരിപാടിക്ക് കൊണ്ടുപോയെന്നും മാംസാഹാരം നല്‍കിയെന്നുമാണ് പരാതി. നിലവില്‍ മതം മാറ്റത്തിനുള്ള തെളിവുകളൊന്നുമില്ലെന്ന് പോലിസ് പറഞ്ഞു. ജബല്‍പൂരില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമം ആണിത്. മദ്‌ഹോത്താലിലെ പള്ളിയിലും അടുത്തിടെ അതിക്രമം നടന്നിരുന്നു. ഹിന്ദു സേവാ പരിഷത്ത് എന്ന സംഘടനയാണ് അന്ന് അതിക്രമം നടത്തിയത്.