മധ്യപ്രദേശില്‍ ''ട്രാന്‍സ്‌ജെന്‍ഡര്‍ ജിഹാദ്'' അവതരിപ്പിച്ച് ഹിന്ദുത്വര്‍
ഇന്‍ഡോര്‍: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ-വിദ്വേഷ പ്രയോഗങ്ങള്‍ സൃഷ്ടിക്കുന്ന ഹിന്ദുത്വരുടെ നിഘണ്ടുവില്‍ പുതിയ പദം കൂടി എത്തി. മധ്യപ്രദേശിലെ ജബല്‍പൂരിലെ ഹിന്ദുത്വരാണ് ''ട്രാന്‍സ് ജെന്‍ഡര്‍ ജിഹാദ്'' എന്ന പുതിയ പ്രയോഗം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയ്യേറാന്‍ ട്രാന്‍സ് ജെന്‍ഡറുകളെ മുസ്‌ലിംകള്‍ പ്രേരിപ്പിക്കുന്നുവെന്നാണ് പുതിയ ആരോപണം. ഈ പ്രചാരണത്തെ തുടര്‍ന്ന് ജബല്‍പൂരിലെ ആയിശ നഗര്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
ആയിശ നഗര്‍ പ്രദേശത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി മദ്രസ പണിയുകയാണെന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതെന്നും ഹിന്ദുത്വര്‍ ആരോപിച്ചു. തുടര്‍ന്ന് പോലിസും എസ്ഡിഎമ്മും സ്ഥലത്തെത്തി നിര്‍മാണം പൊളിച്ചു. ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ആയിശ നഗര്‍ പള്ളിയിലെ ഇമാം അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ''കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാണ് മദ്രസ നിര്‍മിച്ചത്. അത് സര്‍ക്കാര്‍ ഭൂമിയില്‍ അല്ല. പക്ഷേ, നോട്ടിസ് പോലും നല്‍കാതെ അത് പൊളിച്ചു. ജിഹാദ് ആരോപണം വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ്.''-അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്‍ഡോറില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ എന്ന് അവകാശപ്പെടുന്നര്‍ക്കിടയിലും മതാടിസ്ഥാനത്തിലുള്ള സംഘര്‍ഷം ആരംഭിച്ചു. ഹിന്ദുത്വരായ ട്രാന്‍സ്‌ജെന്‍ഡറുകള്‍, ട്രാന്‍സ് ജെന്‍ഡറുകള്‍ എന്ന് അവകാശപ്പെടുന്ന മുസ്‌ലിം സ്വത്വമുള്ളവര്‍ക്കെതിരേ ''ട്രാന്‍സ് ജെന്‍ഡര്‍ എച്ച്‌ഐവി ജിഹാദ്'' ആണ് ആരോപിക്കുന്നത്. ഹിന്ദുക്കളായ 60 ട്രാന്‍സ് ജെന്‍ഡറുകളുടെ ശരീരത്തില്‍ എച്ച്‌ഐവിയുള്ള സൂചി കൊണ്ട് കുത്തിയെന്നാണ് പ്രധാന ആരോപണം. കൂടാതെ മതം മാറ്റാന്‍ ശ്രമിച്ചെന്നും ആരോപണം ഉയര്‍ത്തി. ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ്, മധ്യപ്രദേശ് മുഖ്യമന്ത്രി, ഇന്‍ഡോര്‍ പോലിസ് കമ്മീഷണര്‍ സന്തോഷ് കുമാര്‍ സിങ് തുടങ്ങിയവര്‍ക്ക് പരാതിയും നല്‍കി. വിഷയം അന്വേഷിക്കാന്‍ പോലിസ് കമ്മീഷണര്‍ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. രണ്ടു ഡിസിപിമാരും രണ്ടു എസിപിമാരുമാണ് സംഘത്തിലുള്ളത്. അതേസമയം, ട്രാന്‍സ് ജെന്‍ഡറുകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ഹിന്ദുത്വനായ ട്രാന്‍സ്‌ജെന്‍ഡര്‍ സപ്‌ന ഗുരു ശ്രമം നടത്തുന്നതായി മറ്റൊരു വിഭാഗം ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആരോപിച്ചു.
