മോദിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ചു: കാര്‍ട്ടൂണിസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആര്‍എസ്എസിനെയും വിമര്‍ശിച്ച കാര്‍ട്ടൂണിസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ഹേമന്ദ് മാളവിയ എന്ന കാര്‍ട്ടൂണിസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സുബോധ് അഭയാങ്കര്‍ തള്ളിയത്. ആര്‍എസ്എസ് നേതാവ് വിനയ് ജോഷി എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഹേമന്ദ് മാളവിയക്കെതിരേ ലസൂദിയ പോലിസ് കേസെടുത്തിരുന്നത്. തുടര്‍ന്നാണ് ഹേമന്ദ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ഹേമന്ദ് ലംഘിച്ചുവെന്നാണ് ഹൈക്കോടതി പറഞ്ഞത്.
''ഹിന്ദു സംഘടനയായ ആര്‍എസ്എസിനെയും പ്രധാനമന്ത്രിയെയും ഹരജിക്കാരന്‍ നിന്ദ്യമായി ചിത്രീകരിച്ചുവെന്നാണ് കോടതിക്ക് തോന്നുന്നത്. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിക്ക് പുറത്താണ്. സമാനമായ കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ ഹരജിക്കാരന്‍ മറ്റുള്ളവരോട് പറഞ്ഞു. അപേക്ഷകന്റെ മേല്‍പ്പറഞ്ഞ പ്രവൃത്തി പോലിസില്‍ പരാതി നല്‍കിയ ആളുടെയും പൊതുജനങ്ങളുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതും മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമാണെന്ന് വ്യക്തമാണ്. ഇത് സമൂഹത്തിലെ ഐക്യം തകര്‍ക്കണമെന്ന മുന്‍വിധിയോടെയാണ് ചെയ്തിരിക്കുന്നത്.''-ജഡ്ജി പറഞ്ഞു.
