പട്ടത്തിന്റെ നൂല്‍ തട്ടി രണ്ടു മരണം; കടുത്ത നടപടി നിര്‍ദേശിച്ച് മധ്യപ്രദേശ് ഹൈക്കോടതി
ഭോപ്പാല്‍: പട്ടം പറത്താനുള്ള നൂല്‍തട്ടി രണ്ടുപേര്‍ മരിച്ചതിനെ തുടര്‍ന്ന് കടുത്ത നടപടികള്‍ക്ക് നിര്‍ദേശിച്ച് മധ്യപ്രദേശ് ഹൈക്കോടതി. തേതാജി നഗറിലെ ഒരു പതിനാറ് വയസുകാരനും തിലക് നഗറിലെ രഘുഘീര്‍ ധക്കഡ് എന്നയാളുമാണ് മൂര്‍ച്ചയുള്ള നൂല്‍ തട്ടി കഴുത്തുമുറിഞ്ഞ് മരിച്ചത്. പതിനാറുകാരന്റെ മരണത്തിന് പിന്നാലെയാണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്. ഇത്തരം നൂലുകളുടെ നിര്‍മാണവും ശേഖരണവും വില്‍പ്പനയും ഉപയോഗവും തടയാനാണ് കോടതി നിര്‍ദേശിച്ചത്. നൈലോണോ പോളിപ്രൊപ്പയ്‌ലിനോ ഉപയോഗിച്ചുള്ള നൂലുകളാണ് മരണങ്ങള്‍ക്ക് കാരണം. ഇവ ചൈനീസ് നൂല്‍ എന്നാണ് അറിയപ്പെടുന്നത്. ഏതെങ്കിലും കുട്ടി ഇത്തരം നൂലുകള്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ രക്ഷിതാക്കള്‍ക്കെതിരേ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. ജനുവരി പതിനാലിന് മകരസംക്രാന്തി വരുന്നതോടെ പട്ടം പറത്തല്‍ വ്യാപകമാവുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.