അനധികൃത ഖനനക്കേസില്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച് ബിജെപി എംഎല്‍എ; കേസില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ജഡ്ജി
ഭോപ്പാല്‍: അനധികൃത ഖനനക്കേസില്‍ ബിജെപി എംഎല്‍എ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി. മുന്‍മന്ത്രിയും ബിജെപി എംഎല്‍എയുമായ സഞ്ജയ് പഥക്കിനെതിരെയാണ് ജസ്റ്റിസ് വിശാല്‍ മിശ്ര ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് കേസ് കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി. അനധികൃത ഖനനം നടത്തുന്നവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് വന്ന ഹരജിയാണ് ജസ്റ്റിസ് വിശാല്‍ മിശ്ര പരിഗണിച്ചിരുന്നത്. എന്നാല്‍, അതിനിടെ ബിജെപി എംഎല്‍എ കേസുമായി ബന്ധപ്പെട്ട് ജഡ്ജിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കേസില്‍ നിന്ന് പിന്‍മാറിയ ജഡ്ജി ഹരജി ചീഫ്ജസ്റ്റിസിന് കൈമാറി. പുതിയ ബഞ്ച് ചീഫ്ജസ്റ്റിസ് തീരുമാനിക്കും.
അനധികൃത ഖനനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിന് അശുതോഷ് ദീക്ഷിത് എന്നയാള്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. സഞ്ജയ് പഥക്കിനും കുടുംബത്തിനും അനധികൃത ഖനനത്തില്‍ പങ്കുണ്ടെന്ന് ഹരജി പറയുന്നു. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു പഥക്.