ബീഫ് കഴിക്കല്‍ ഹിന്ദു ആചാരമാണെന്ന വാട്ട്‌സാപ് സന്ദേശം; മാധ്യമപ്രവര്‍ത്തകനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി
ഭോപ്പാല്‍: ബീഫ് കഴിക്കല്‍ ഹിന്ദു ആചാരത്തിന്റെ ഭാഗമാണെന്ന വാട്ട്‌സാപ്പ് സന്ദേശത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. നല്ല ഹിന്ദുക്കള്‍ ബീഫ് കഴിക്കുമെന്നും ബ്രാഹ്‌മണര്‍ ചരിത്രപരമായി കന്നുകാലി മാംസം കഴിക്കാറുണ്ടെന്നും പോസ്റ്റ് ചെയ്ത ബുദ്ധ പ്രകാശ് ബുദ്ധ എന്ന മാധ്യമപ്രവര്‍ത്തകനെതിരെയാണ് പോലിസ് കേസെടുത്തിരുന്നത്. ബിപി ബൗദ്ധ് പത്രകാര്‍ ന്യൂസ് ഗ്രൂപ്പ് എന്ന വാട്ട്‌സാപ് ഗ്രൂപ്പിലായിരുന്നു ഈ സന്ദേശം പോസ്റ്റ് ചെയ്തിരുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബുദ്ധ പ്രകാശ് ബുദ്ധയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഏഴു പേജുള്ള ലേഖനമാണ് ബുദ്ധ പ്രകാശ് ബുദ്ധ വാട്ട്‌സാപില്‍ പ്രചരിപ്പിച്ചതെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് മിലിന്ദ് രമേശ് ഫഡ്‌കെ പറഞ്ഞു. ''ഇത്തരം കേസുകളില്‍ കോടതി നിയമപരമായ പരിശോധന മാത്രമാണ് നടത്തേണ്ടത്. ലേഖനത്തിലെ വിഷയങ്ങളില്‍ വസ്തുതാന്വേഷണം നടത്താനോ ചരിത്രം പരിശോധിക്കാനോ കോടതിക്ക് കഴിയില്ല. എന്നിരുന്നാലും മതവിശ്വാസം വ്രണപ്പെട്ടതായി വാട്ട്‌സാപ്പ് ഗ്രൂപ്പിലുണ്ടായിരുന്ന ഹിന്ദുക്കളും ബ്രാഹ്‌മണരും പരാതി നല്‍കി. അതിനാല്‍ മതവിശ്വാസം വ്രണപ്പെടുത്തല്‍ എന്ന കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കും.''-കോടതി പറഞ്ഞു.
കന്നുകാലികളെ ബലിനല്‍കല്‍, പ്രത്യേക ചടങ്ങുകളില്‍ മാംസം ദാനം ചെയ്യല്‍, മാംസം കഴിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നടന്നിരുന്നതായി സന്ദേശത്തില്‍ പരാമര്‍ശമുള്ളതായി പോലിസും കോടതിയെ അറിയിച്ചു. എന്നാല്‍, തന്റെ സന്ദേശം ചരിത്രപരമായ പഠനമാണെന്നും അതല്ലാതെ ഏതെങ്കിലും വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താനുള്ളതല്ലെന്നും ഹരജിക്കാരന്‍ വാദിച്ചു. പക്ഷെ, ഹരജി കോടതി തള്ളി.
