'' കേസുകള്‍ 40 വര്‍ഷമൊന്നും കെട്ടിക്കിടക്കരുത്'': ഭോപ്പാല്‍ ദുരന്തകേസുകള്‍ അതിവേഗം തീര്‍പ്പാക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി
ഭോപ്പാല്‍: 1984ല്‍ മധ്യപ്രദേശിലെ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്നും വിഷവാതകം ചോര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ കേസുകള്‍ അതിവേഗം തീര്‍ക്കണമെന്ന് കീഴ്‌ക്കോടതികള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശം നല്‍കി. നാലുപതിറ്റാണ്ട് കേസുകള്‍ സൂക്ഷിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. കേസുകളുടെ വിചാരണ സംബന്ധിച്ച റിപോര്‍ട്ടുകള്‍ ഓരോ മാസവും സമര്‍പ്പിക്കണമെന്നും വിചാരണക്കോടതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭോപ്പാല്‍ ദുരന്തത്തില്‍ ശിക്ഷിക്കപ്പെട്ട യൂണിയന്‍ കാര്‍ബൈഡ് ഉദ്യോഗസ്ഥരെ ശിക്ഷിച്ച വിധിക്കെതിരായ അപ്പീലുകളില്‍ ജഡ്ജിമാര്‍ വാദം കേള്‍ക്കാത്തതിനെയും ഹൈക്കോടതി വിമര്‍ശിച്ചു. ഭോപ്പാല്‍ സെഷന്‍സ് കോടതി ഒരു അപ്പീലില്‍ 2010 മുതല്‍ വാദം കേട്ടിട്ടില്ല. പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
1984 ഡിസംബര്‍ മൂന്നിനാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്നും 45 ടണ്‍ മീഥൈല്‍ ഐസോസയനേറ്റ് ചോര്‍ന്നത്. ഏകദേശം 15,000-20,000 പേര്‍ കൊല്ലപ്പെട്ടു. അഞ്ചുലക്ഷത്തില്‍ അധികം പേര്‍ക്ക് ശ്വാസകോശ സംബന്ധിയായ രോഗങ്ങളുമുണ്ടായി.