ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയതിന് രാത്രി പൊതുസ്ഥലത്ത് പടക്കം പൊട്ടിച്ച യുവാക്കളുടെ മുടിവടിച്ച് പോലിസ് (VIDEO)

Update: 2025-03-12 04:11 GMT

ഭോപ്പാല്‍: ചാംപ്യന്‍സ് ട്രോഫി മല്‍സരത്തില്‍ ഇന്ത്യ വിജയിച്ചതിനെ തുടര്‍ന്ന് അപകടകരമായ രീതിയില്‍ പൊതുസ്ഥലത്ത് പടക്കം പൊട്ടിച്ച യുവാക്കളുടെ മുടിവടിച്ച് പോലിസ്. തല മൊട്ടയായ യുവാക്കളുമായി പോലിസ് നഗരത്തില്‍ നടക്കുകയും ചെയ്തു.

മധ്യപ്രദേശിലെ ദെവാസിലെ സായാജി ഗെയിറ്റിന് സമീപം തിങ്കളാഴ്ച്ചയാണ് സംഭവം. രാത്രിയില്‍ അപകടകരമായ രീതിയില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത തങ്ങളെ യുവാക്കള്‍ ആക്രമിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവാക്കള്‍ പോലിസ് വാഹനത്തെ ആക്രമിക്കുന്നതിന്റെയും കല്ലെറിയുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു. പോലിസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് രണ്ടുപേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസുമെടുത്തു.

നിരപരാധികളെ പോലിസ് കള്ളക്കേസില്‍ കുടുക്കിയെന്ന് ബിജെപി എംഎല്‍എ ഗായത്രി രാജ ആരോപിച്ചു. വിഷയത്തില്‍ എസ്പി പുനീത് ഗെഹ് ലോട്ടുമായി സംസാരിച്ചെന്നും വിഷയം നിയമസഭയില്‍ ഉയര്‍ത്തിയെന്നും അവര്‍ പറഞ്ഞു.