ജമാഅത്തിനെതിരേ ഔദ്യോഗിക പ്രസ്താവന പാര്‍ട്ടി ഇറക്കിയിട്ടില്ലെന്ന് എം എ ബേബി
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്കെതിരായി ചില പ്രഭാഷണങ്ങളിലോ പ്രതികരണങ്ങളിലോ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നല്ലാതെ, അവര്‍ക്കെതിരെ ഔദ്യോഗികമായി ഒരു പ്രസ്താവന പാര്‍ട്ടി ഏതെങ്കിലും ഘട്ടത്തില്‍ ഇറക്കിയതായി താന്‍ കരുതുന്നില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. ആരുടെയെങ്കിലും പ്രസംഗത്തില്‍ ജമാഅത്തെ ഇസ്ലാമിയെ ആവശ്യത്തില്‍ അധികം വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ കാഴ്ച്ചപ്പാടല്ലെന്നും അദ്ദേഹം പറഞ്ഞു. ജോയിന്‍ ദി സ്റ്റോറി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിഭാഗങ്ങള്‍ സംഘടിക്കുമ്പോള്‍ അത് പലപ്പോഴും ന്യൂനപക്ഷ വര്‍ഗീയതയായി മാറുകയും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ന്യായീകരണമായി ഭവിക്കുകയും ചെയ്യുന്നു എന്ന നിലയിലാണ് പാര്‍ട്ടി ന്യൂനപക്ഷ വര്‍ഗീയതയെ വിമര്‍ശിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ പാര്‍ട്ടി ആവശ്യത്തില്‍ കൂടുതല്‍ വിമര്‍ശിക്കുന്നതില്‍ അനുപാതരഹിതമായ ഒരു വിമര്‍ശനം പാടില്ല എന്നത് തന്നെയാണ് പാര്‍ട്ടിയുടെ കാഴ്ചപ്പാട് എന്ന് അദ്ദേഹം വ്യക്തമാക്കി.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ പാര്‍ട്ടി കൃത്യമായി പ്രതികരിച്ചിട്ടുണ്ടെന്നും ബേബി പറഞ്ഞു. പ്രസ്താവനയില്‍ പേരെടുത്തു പറഞ്ഞില്ലെങ്കിലും, വായിക്കുന്ന ആര്‍ക്കും മനസിലാകുന്ന വിധത്തില്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏത് സമൂഹത്തിലുമുള്ള മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് കമ്യൂണിസ്റ്റുകാരുടെ ബാധ്യതയാണ്. ആ പാരമ്പര്യത്തില്‍ ഉറച്ചു നിന്നുകൊണ്ടാണ് ഇന്നത്തെ വര്‍ഗീയതയുടെയും ജാതീയതയുടെയും പ്രശ്‌നങ്ങളെ സിപിഎം കൈകാര്യം ചെയ്യുന്നത്. സിപിഎമ്മിന് ഒരിക്കലും ഒരു മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
