എം സ്വരാജിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം; അധ്യാപികയ്ക്കെതിരായ നടപടി തള്ളി

Update: 2026-01-01 03:37 GMT

തേഞ്ഞിപ്പലം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് എം സ്വരാജിനുവേണ്ടി സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ താരതമ്യ സാഹിത്യ പഠനവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീകല മുല്ലശ്ശേരിക്ക് വിസി ഡോ. പി. രവീന്ദ്രന്‍ മെമ്മോ നല്‍കിയ നടപടി സിന്‍ഡിക്കേറ്റ് തള്ളി. പരാതിയോ പ്രാഥമിക അന്വേഷണമോ നടന്നിട്ടില്ലെന്നും ജൂണില്‍ നല്‍കിയ മെമ്മോ തൊട്ടടുത്ത സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ചില്ലെന്നും ഇടത് അംഗങ്ങള്‍ വാദിച്ചു. വിസിക്ക് ചാര്‍ജ് മെമ്മോ കൊടുക്കാന്‍ അധികാരമില്ലെന്നും സിന്‍ഡിക്കേറ്റിന്റെ അധികാരം ദുരുപയോഗം ചെയ്‌തെന്നും അവര്‍ ആരോപിച്ചു. വിഷയത്തില്‍ ഭൂരിഭാഗത്തിന്റെ അഭിപ്രായത്തിലാണ് തീരുമാനം. നിലവിലെ അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകണമെന്ന് ലീഗ് അനുകൂല അംഗം ഡോ. പി റഷീദ് അഹമ്മദ്, കോണ്‍ഗ്രസ് അനുകൂല അംഗം ടി ജെ മാര്‍ട്ടിന്‍, ബിജെപി അനുകൂല അംഗം എ കെ അനുരാജ് എന്നിവര്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷത്തിന്റെ പേരില്‍ സര്‍വീസ് ചട്ടം ലംഘിക്കാന്‍ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി വിയോജിപ്പ് രേഖപ്പെടുത്തി.