ലഖ്‌നോ: പശുക്കടത്തുകാരനെന്ന് ആരോപിച്ച് യുവാവിനെ പോലിസ് വെടിവച്ചു കൊന്നു. ജോണ്‍പൂര്‍ സ്വദേശിയായ സല്‍മാന്‍ എന്ന യുവാവാണ് ബര്‍ഗാട്ട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊല്ലപ്പെട്ടത്. സല്‍മാന്റെ സുഹൃത്തുക്കളായ നരേന്ദ്ര യാദവ്, ഗോലു യാദവ് എന്നിവര്‍ വെടിയേറ്റ പരിക്കുകളുമായി ചികില്‍സയിലാണ്.
സല്‍മാനും സംഘവും പശുക്കളുമായി വാരാണസിയിലേക്ക് പോവുമ്പോള്‍ പോലിസ് തടയാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്നുമാണ് പോലിസ് പറയുന്നത്. സല്‍മാന്റെ നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നത്. കേസിലെ മറ്റു പ്രതികളായ രാഹുല്‍ യാദവും രാജു യാദവും ആസാദ് യാദവും ഓടി രക്ഷപ്പെട്ടെന്നും പോലിസ് പറയുന്നുണ്ട്.