സംഭലില്‍ ഹിന്ദുത്വ ഭരണകൂട ഭീകരത തുടരുന്നു; ആയിരത്തോളം വീടുകള്‍ പൂട്ടിക്കിടക്കുന്നതായി റിപോര്‍ട്ട്

Update: 2025-02-16 03:59 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് സമീപം പോലിസ് നടത്തുന്ന അതിക്രമങ്ങളെ തുടര്‍ന്ന് വീടുവിട്ട ആയിരക്കണക്കിന് പേര്‍ ഇതുവരെയും തിരികെ എത്തിയില്ലെന്ന് റിപോര്‍ട്ട്. പ്രദേശത്ത് ആയിരത്തോളം വീടുകള്‍ ഇപ്പോഴും പൂട്ടിക്കിടക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെ റിപോര്‍ട്ട് പറയുന്നു. സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് ക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ നല്‍കിയ ഹരജിയില്‍ സര്‍വേക്ക് ഉത്തരവിട്ട സിവില്‍കോടതി വിധിയെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. 2024 നവംബര്‍ 24ന് ജയ് ശ്രീ റാം മുദ്രാവാക്യം വിളിച്ച് രണ്ടാം തവണ അനധികൃത സര്‍വ്വെക്കെത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന പോലിസ് ആറു മുസ്‌ലിം യുവാക്കളെ വെടിവെച്ചു കൊന്നു.

ഇതിന് ശേഷവും പ്രദേശത്തെ മുസ്‌ലിംകള്‍ക്കെതിരെ അതിക്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതോടെയാണ് നിരവധി കുടുംബങ്ങള്‍ വീടുപൂട്ടി പോയത്. കോട്ട് ഗാര്‍വി, ദീപ സാരായ്, ഹിന്ദ്പുര എന്നിവിടങ്ങളിലാണ് കൂടുതല്‍ വീടുകള്‍ പൂട്ടിക്കിടക്കുന്നത്. എന്തുകാര്യത്തിനാണ് വീടുവിട്ടുപോയതെന്ന് വ്യക്തമാക്കുന്ന കുറിപ്പുകളും പലരും വാതിലുകളില്‍ പതിച്ചിട്ടുണ്ട്. കാന്‍സര്‍ ചികില്‍സയുടെ ഭാഗമായി ഡല്‍ഹിയ്ക്ക് പോയെന്നാണ് ഒരു വീടിന്റെ വാതിലിലെ കുറിപ്പ് പറയുന്നത്.

നവംബര്‍ 24ലെ സംഭവവികാസങ്ങളില്‍ നാലു സ്ത്രീകള്‍ അടക്കം 76 മുസ്‌ലിംകളെയാണ് പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്. ഇനിയും 86 പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് പോലിസ് പറയുന്നത്. ഇതില്‍ നിരവധി പേരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നഗരത്തില്‍ പതിച്ചു. സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന്റെ ചുവരിലും ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നവര്‍ക്ക് പണം സമ്മാനമായി നല്‍കുമെന്നും വാഗ്ദാനമുണ്ട്. 21 പേര്‍ക്കെതിരെ കോടതിയില്‍ നിന്ന് ജാമ്യമില്ലാ വാറന്റും പോലിസ് സംഘടിപ്പിച്ചിട്ടുണ്ട്. സംഭലിലെ സംഘര്‍ഷത്തെ കുറിച്ച് പാകിസ്താനിലെ ഒരു മതപണ്ഡിതനുമായി വീഡിയോകോളില്‍ സംസാരിച്ചെന്ന് ആരോപിച്ച് മുഹമ്മദ് ആദില്‍ എന്ന യുവാവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമുണ്ടായി. വൈദ്യുതി മോഷണം, അനധികൃത കൈയ്യേറ്റം എന്നിവ ആരോപിച്ച് ആയിരത്തില്‍ അധികം കേസുകളാണ് പ്രദേശത്തെ മുസ്‌ലിംകള്‍ക്കെതിരെ എടുത്തിരിക്കുന്നത്. ലൗഡ് സ്പീക്കറുകള്‍ ശബ്ദപരിധി ലംഘിച്ചു എന്നാരോപിച്ച് മൂന്നോളം പളളികളിലെ ഇമാമുമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം, സംഭല്‍ ഹിന്ദുവിശ്വാസ പ്രകാരമുള്ള കല്‍ക്കിയുടെ സ്ഥലമാണെന്ന പ്രചാരണവുമായി ഹിന്ദുത്വരും സര്‍ക്കാരും പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.